റിച്ച്മണ്ട്: അമേരിക്കയിലെ റിച്ച്മണ്ട് രൂപതയിൽ വിശ്വാസ പ്രവേശനത്തിന് ഒരുങ്ങുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. വരാനിരിക്കുന്ന ഈസ്റ്റർ വിജിൽ ശുശ്രൂഷകളിൽ 900 പേർ മാമോദീസ സ്വീകരിച്ച് കത്തോലിക്കാ സഭയുടെ ഭാഗമാകുമെന്ന് രൂപതാ അധികൃതർ അറിയിച്ചു. രൂപതയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസപ്രവേശനത്തിനാണ് ഏപ്രിൽ നാല് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
2015 ൽ വെറും 242 പേർ മാത്രമാണ് പുതുതായി സഭയിൽ ചേർന്നിരുന്നത്. എന്നാൽ കഴിഞ്ഞ നാല് വർഷമായി ഈ കണക്കുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം 650 പേർ സഭയിൽ ചേർന്നപ്പോൾ ഇത്തവണ അത് 38 ശതമാനം വർധിച്ച് 900 ൽ എത്തിയിരിക്കുകയാണ്. ലോകമെമ്പാടും കത്തോലിക്കാ വിശ്വാസത്തിലേക്ക് ആളുകൾ മടങ്ങിവരുന്നതിന്റെ പ്രതിഫലനമാണിതെന്ന് വിലയിരുത്തപ്പെടുന്നു.
"ജനങ്ങൾ ദൈവത്തിനായി ദാഹിക്കുകയാണ്" എന്ന് സെന്റ് സ്റ്റീഫൻ ചർച്ചിലെ മുഖ്യ മതബോധന അധ്യാപകൻ ക്രിസ് എംസ്‌ലി പറഞ്ഞു. 2000 വർഷത്തെ സഭയുടെ പാരമ്പര്യവും സത്യവുമാണ് പുതിയ തലമുറയെ ആകർഷിക്കുന്നത്. ഇത്തവണ വിശ്വാസപ്രവേശനത്തിന് ഒരുങ്ങുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഈസ്റ്റർ രാത്രിയിലെ തിരുക്കർമ്മങ്ങളിൽ വച്ച് ഇവർ മാമോദീസ, ആദ്യകുർബാന, സ്ഥൈര്യലേപനം എന്നീ പ്രവേശന കൂദാശകൾ സ്വീകരിക്കും. ഇതിനു പുറമെ നേരത്തെ മാമോദീസ സ്വീകരിച്ച നൂറുകണക്കിന് ആളുകൾ കൂടി ഇത്തവണ സഭയുമായി പൂർണ ഐക്യത്തിൽ ചേരാൻ ഒരുങ്ങുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.