ലഷ്‌കർ കമാൻഡർ ബിലാൽ ആരിഫ് സറാഫി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സ്വന്തം കുടുംബമെന്ന് റിപ്പോർട്ട്

ലഷ്‌കർ കമാൻഡർ ബിലാൽ ആരിഫ് സറാഫി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സ്വന്തം കുടുംബമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രമുഖ കമാൻഡർ ബിലാൽ ആരിഫ് സറാഫി കൊല്ലപ്പെട്ടു. മുരിദ്കെയിലെ ലഷ്‌കർ ആസ്ഥാനത്തിന് സമീപം ഈദ് പ്രാർഥനകൾക്ക് ശേഷമുണ്ടായ ആക്രമണത്തിൽ കുത്തിയും വെടിയേറ്റുമാണ് സറാഫി കൊല്ലപ്പെട്ടത്. സ്വന്തം കുടുംബാംഗങ്ങൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോർട്ടുകൾ.

കൊലപാതകത്തിന്റെ കൃത്യമായ കാരണം പാക് അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കുടുംബപരമായ തർക്കങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഉൾപ്പെട്ട ചിലരെ പോലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. സറാഫിയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇവയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മുരിദ്കെ കേന്ദ്രീകരിച്ച് യുവാക്കളെ ഭീകരവാദത്തിലേക്ക് ആകർഷിക്കുന്നതിലും അവർക്ക് ആശയപരമായ പരിശീലനം നൽകി റിക്രൂട്ട് ചെയ്യുന്നതിലും സറാഫി പ്രധാന പങ്കുവഹിച്ചിരുന്നു. ലഷ്‌കറിന്റെ അജണ്ടകൾ പ്രചരിപ്പിക്കുന്നതിലെ മുഖ്യ കണ്ണിയായിരുന്നു ഇയാൾ.

ഭീകരശൃംഖലകളെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നയം അവർക്ക് തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2026-ലെ ആഗോള ഭീകരതാ സൂചികയിൽ പാകിസ്ഥാൻ ഒന്നാം സ്ഥാനത്തെത്തി. 2025-ൽ ലോകത്ത് ഏറ്റവും കൂടുതൽ ഭീകരപ്രവർത്തനങ്ങൾ നടന്ന രാജ്യമായും പാകിസ്ഥാൻ മാറി. ദക്ഷിണേഷ്യയിൽ സുരക്ഷാസ്ഥിതി വഷളായ ഏക രാജ്യവും പാകിസ്ഥാനാണ്.

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ എന്നീ പ്രവിശ്യകളിലാണ് ഭീകരാക്രമണങ്ങൾ രൂക്ഷമായി തുടരുന്നത്. രാജ്യത്തെ ഭീകരാക്രമണങ്ങളിൽ 74 ശതമാനവും മരണങ്ങളിൽ 67 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ രണ്ട് മേഖലകളിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.