'യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎം-ബിജെപി രഹസ്യ ധാരണ; പിന്നണിയില്‍ പിണറായിയും മോഡിയും അമിത്ഷായും': ചെന്നിത്തല

'യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎം-ബിജെപി രഹസ്യ ധാരണ; പിന്നണിയില്‍ പിണറായിയും മോഡിയും അമിത്ഷായും': ചെന്നിത്തല

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടര്‍ച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

പാലക്കാടും ഏറ്റുമാനൂരും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരുത്തിയ മാറ്റങ്ങളും ട്വന്റി-20 പോലുള്ള സംഘടനകളെ ഉപയോഗിച്ചുള്ള നീക്കങ്ങളും യുഡിഎഫിനെ തകര്‍ക്കാന്‍ മോഡിയും അമിത് ഷായും പിണറായി വിജയനും ചേര്‍ന്നുണ്ടാക്കിയ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായി വിജയനെ സഹായിക്കാനാണെന്ന് ജനങ്ങള്‍ തിരിച്ചറിയും. ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ ബോധപൂര്‍വ്വം അട്ടിമറിച്ചു.

കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാന്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ അവര്‍ക്ക് ജാമ്യം ലഭിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി. മോഷ്ടിക്കപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വര്‍ണം എവിടെപ്പോയി എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

വിശ്വാസികള്‍ക്കൊപ്പമാണെന്ന് പുറമെ പറയുമ്പോഴും, ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന പഴയ സത്യവാങ്മൂലത്തില്‍ തന്നെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറച്ചു നില്‍ക്കുന്നത് ഭക്തരോടുള്ള പരസ്യമായ വഞ്ചനയാണ്. വിശ്വാസികളുടെ ഹൃദയം മുറിപ്പെടുത്തിയ മുഖ്യമന്ത്രി പത്തനംതിട്ടയില്‍ എത്തുമ്പോള്‍ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വന്തം പാര്‍ട്ടിക്കാരനായ ജി. സുധാകരനെപ്പോലെയുള്ള മുതിര്‍ന്ന നേതാവിനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ കേരളീയ സംസ്‌കാരത്തിന് നിരക്കാത്തതാണ്. രാഷ്ട്രീയ എതിരാളികളെയും മത മേലധ്യക്ഷന്മാരെയും മാധ്യമ പ്രവര്‍ത്തകരെയും അധിക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി നവോത്ഥാന നായകന് ചേര്‍ന്നതല്ല.

നരേന്ദ്ര മോഡിയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്രമിക്കുന്നത്. രാജ്യത്ത് ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നത് രാഹുല്‍ ഗാന്ധി മാത്രമാണ്. ബിജെപിയുമായുള്ള അന്തര്‍ധാര കാരണമാണ് കേന്ദ്ര സര്‍ക്കാരിനെയോ മോഡിയെയോ വിമര്‍ശിക്കാന്‍ പിണറായി വിജയന്‍ മടിക്കുന്നത്.

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ സിപിഎം സൈബര്‍ വിങിനെ ഉപയോഗിച്ച് നടത്തുന്ന തരംതാഴ്ന്ന ആക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും തിരഞ്ഞെടുപ്പ് ലാഭത്തിനായി ഇത്തരം നീചമായ പ്രവര്‍ത്തികള്‍ ആര് ചെയ്താലും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിനെ പിന്തുണയ്ക്കുന്നവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കുന്ന സിപിഎം, ഇപ്പോള്‍ പിഡിപിയുടെ പിന്തുണ സ്വീകരിക്കുന്നത് അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. പ്രമുഖ കലാകാരന്‍ രമേഷ് പിഷാരടിയെ തോമസ് ഐസക് 'കോമാളി' എന്ന് വിളിച്ചത് രാഷ്ട്രീയമായ പാപ്പരത്തമാണ്. സിപിഎം നിരവധി നടന്മാരെ രാഷ്ട്രീയത്തില്‍ ഇറക്കിയിട്ടുള്ള കാര്യം ഐസക് മറക്കരുത്.

യുഡിഎഫില്‍ അടുത്ത മുഖ്യമന്ത്രി ആര് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. തിരഞ്ഞെടുപ്പ് വിജയത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും പാര്‍ട്ടി ഒറ്റക്കെട്ടായി അംഗീകരിക്കും.

സിപിഎമ്മില്‍ ഒരു നേതാവ് മാത്രമുള്ളപ്പോള്‍ കോണ്‍ഗ്രസില്‍ ഭരണത്തിന് നേതൃത്വം നല്‍കാന്‍ പ്രാപ്തിയുള്ള ഒട്ടനവധി നേതാക്കളുണ്ട് എന്നതാണ് പാര്‍ട്ടിയുടെ കരുത്ത്. ജനവിരുദ്ധമായ ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ യുഡിഎഫിന് വലിയ പിന്തുണ നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.