പശ്ചിമേഷ്യന്‍ പ്രതിസന്ധി: ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രം

 പശ്ചിമേഷ്യന്‍ പ്രതിസന്ധി: ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുകയാണെങ്കിലും രാജ്യത്ത് ഊര്‍ജ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രം. നിലവില്‍ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടുന്നില്ലെന്നും ഇന്ധന കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷത വഹിച്ച സര്‍വകക്ഷി യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത് സംബന്ധിച്ച ഉറപ്പും നല്‍കി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാകാനിടയുള്ള നയതന്ത്രവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് വിശദീകരണം നല്‍കി. ഇന്ധന ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മേഖലകളില്‍ അസ്ഥിരത ഉണ്ടെങ്കിലും പെട്രോളിയം ഉല്‍പന്നങ്ങളുടെയും എല്‍പിജിയുടെയും ആവശ്യാനുസരണമുള്ള വിതരണം തുടരുന്നതായും സര്‍ക്കാര്‍ അറിയിച്ചു.

മാത്രമല്ല ഇന്ധനം വഹിച്ചുകൊണ്ട് കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യമായ നടപടികള്‍ പുരോഗമിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചത്.

അതേസമയം വിഷയത്തെക്കുറിച്ച് വിശദീകരണം നല്‍കുന്നതിന് പകരം ലോക്‌സഭയിലും രാജ്യസഭയിലും ഔദ്യോഗികമായി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷംആവശ്യപ്പെട്ടു. സംഘര്‍ഷം കൂടുതല്‍ വഷളാവുകയാണെങ്കില്‍, എണ്ണ ശേഖരം, എല്‍പിജി ലഭ്യത, ഗാര്‍ഹിക ഊര്‍ജ്ജ വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ എന്തൊക്കെ സജ്ജീകരണങ്ങള്‍ നടത്തി എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.