മകളുടെ ജീവനായി മാതാപിതാക്കൾ നടത്തിയ നിയമപോരാട്ടം പരാജയപ്പെട്ടു; സ്പെയിനിൽ 25 കാരിക്ക് ദയാവധം

മകളുടെ ജീവനായി മാതാപിതാക്കൾ നടത്തിയ നിയമപോരാട്ടം പരാജയപ്പെട്ടു; സ്പെയിനിൽ 25 കാരിക്ക് ദയാവധം

മാഡ്രിഡ്: രണ്ട് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ മാതാപിതാക്കളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് സ്പെയിനിൽ 25 വയസുകാരിക്ക് ദയാവധം നടപ്പിലാക്കി. മാരകമായ ശാരീരിക രോഗങ്ങളോ വൈകല്യങ്ങളോ ഇല്ലാത്ത നോയലിയ കാസ്റ്റിലോ റാമോസ് എന്ന യുവതിക്ക് മാനസികാരോഗ്യ കാരണങ്ങളാൽ മരിക്കാൻ അനുവാദം നൽകിയത് ആഗോളതലത്തിൽ വലിയ ധാർമ്മിക-നിയമ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

മാതാപിതാക്കൾ വേർപിരിഞ്ഞതും ജീവിതത്തിലുണ്ടായ ലൈംഗിക അതിക്രമങ്ങളും നോയലിയയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നു. 2022 ൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ സംഭവിച്ച നോയലിയയ്ക്ക് 67 ശതമാനം മാനസിക വൈകല്യം ഉണ്ടായിരുന്നുവെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് തനിക്ക് ദയാവധം വേണമെന്ന് ആവശ്യപ്പെട്ട് 2024 ൽ യുവതി അപേക്ഷ നൽകിയത്.

"ശരിയായ ചികിത്സ നൽകിയാൽ മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിച്ചു. ചികിത്സ നൽകുന്നതിന് പകരം മരണത്തിന് വിട്ടുകൊടുക്കുന്നത് കൊലപാതകത്തിന് തുല്യമാണ്." നോയലിയയുടെ മാതാപിതാക്കൾ പറഞ്ഞു.

മകളുടെ ജീവൻ രക്ഷിക്കുന്നതിനായി മാതാപിതാക്കളും ‘ക്രിസ്റ്റ്യൻ ലോയേഴ്സ്’ എന്ന സംഘടനയും അവസാന നിമിഷം വരെ പോരാടി. എന്നാൽ സ്പെയിനിലെ നിയമപ്രകാരം മാരകരോഗം ബാധിച്ച, പൂർണ ബോധമുള്ള പ്രായപൂർത്തിയായ ഏതൊരാൾക്കും ദയാവധം തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയും യൂറോപ്യൻ മനുഷ്യാവകാശ കോടതിയും നോയലിയയുടെ തീരുമാനത്തിന് പച്ചക്കൊടി കാണിക്കുകയായിരുന്നു.

മാർച്ച് 26 ന് വൈകുന്നേരം ആറ് മണിയോടെയാണ് നോയലിയയുടെ മരണം ഔദ്യോഗികമായി നടപ്പിലാക്കിയത്. മാതാപിതാക്കളെ കാണാൻ പോലും അനുവാദം നൽകാതെ 15 മിനിറ്റുകൊണ്ട് ഒരു ജീവൻ കവർന്നെടുക്കപ്പെട്ട ഈ സംഭവം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ദയാവധം നിയമം ആവശ്യമുണ്ടോ എന്ന ഗൗരവകരമായ ചോദ്യം ലോകമനസാക്ഷിക്കു മുന്നിൽ അവശേഷിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.