തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡിയെത്തുന്നു; 29 ന് തൃശൂരും പാലക്കാട്ടും, ഏപ്രില്‍ നാലിന് പാലായിലും തിരുവനന്തപുരത്തും സന്ദര്‍ശനം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  മോഡിയെത്തുന്നു; 29 ന് തൃശൂരും പാലക്കാട്ടും, ഏപ്രില്‍ നാലിന് പാലായിലും തിരുവനന്തപുരത്തും സന്ദര്‍ശനം

കൊച്ചി: എന്‍ഡിഎയുടെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തയാഴ്ച കേരളത്തിലെത്തും.

ഈ മാസം 29 ന് പാലക്കാടെത്തുന്ന മോഡി തുടര്‍ന്ന് തൃശൂരും പ്രചാരണത്തിനെത്തും. പിന്നീട് ഏപ്രില്‍ നാലിന് വീണ്ടുമെത്തുന്ന പ്രധാനമന്ത്രി പാലായിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും.

കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ രണ്ടരയ്ക്ക് പ്രധാനമന്ത്രി പാലക്കാട്ടെത്തും. 2.45 ന് സമ്മേളനം നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. 3.50 ന് പരിപാടി അവസാനിപ്പിച്ച് 4.10 ന് തൃശൂരിലേക്കു പോകും.

പ്രധാനമന്ത്രിയുടെ പൊതുസമ്മേളനം നടക്കുന്ന കോട്ടമൈതാനത്ത് പരിശോധന നടത്തിയ എസ്പിജി, മൈതാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

ഏപ്രില്‍ നാലിന് വീണ്ടുമെത്തുന്ന മോഡി, പാലായിലും തിരുവനന്തപുരത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും. പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് റാലിയാണ് പാലായില്‍ നടക്കുക. അന്നു തന്നെ തിരുവനന്തപുരം നഗരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 31 ന് തിരുവനന്തപുരം ജില്ലയില്‍ വിവിധ തിരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. ഏപ്രില്‍ ആദ്യവാരം ഹരിപ്പാട്, തൃപ്പൂണിത്തുറ, തലശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അമിത് ഷാ പ്രചാരണത്തിനെത്തും.

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, എസ്. ജയശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയ നേതാക്കളും കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.