ടിസിഎസ് 206 കോടിക്ക് ചെയ്യാമെന്നേറ്റ പദ്ധതി നാലിരട്ടിക്ക് കണ്ണൂരിലെ ദിനേശ് ബീഡി സൊസൈറ്റിക്ക് നല്‍കാന്‍ നീക്കം; 700 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല

ടിസിഎസ് 206 കോടിക്ക് ചെയ്യാമെന്നേറ്റ പദ്ധതി നാലിരട്ടിക്ക് കണ്ണൂരിലെ ദിനേശ് ബീഡി സൊസൈറ്റിക്ക് നല്‍കാന്‍ നീക്കം; 700 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴില്‍ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പൊതുവായ സോഫ്റ്റ് വെയര്‍ തയ്യാറാക്കാനുള്ള പദ്ധതിയില്‍ വന്‍ അഴിമതിക്ക് നീക്കമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് (ടിസിഎസ്) നല്‍കാന്‍ സഹകരണ വകുപ്പ് ധാരണയാക്കിയ കരാര്‍ അതിന്റെ നാലിരട്ടിക്ക് മേല്‍ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത കണ്ണൂരിലെ ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.

4415 പ്രാഥമിക സഹകരണ സംഘങ്ങളില്‍ പൊതു സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് ടിസിഎസിന് 206 കോടി രൂപയ്ക്ക് നല്‍കാന്‍ തീരുമാനിച്ച കരാറാണ് ദുരൂഹമായ സാഹചര്യത്തില്‍ റദ്ദാക്കി പുതുക്കിയ നിബന്ധനകളോടെ വീണ്ടും ടെണ്ടര്‍ വിളിച്ചത്.

പുതിയ നിബന്ധനകള്‍ പ്രകാരം കണ്ണൂരിലെ സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് സഹകരണ സംഘങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. കേരള ദിനേശ് ബീഡി വര്‍ക്കേഴ്‌സ് സെന്‍ട്രല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയും മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോ ഓപ്പറേറ്റിവ് സൊസൈറ്റിയും.

ഇതില്‍ ദിനേശ് ബീഡി സഹകരണ സംഘം നല്‍കിയ, 280 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സോഫ്്റ്റ് വെയര്‍ നല്‍കാനുള്ള 58 കോടി രൂപയുടെ ബിഡ് ആണ് സര്‍ക്കാര്‍ അവാര്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ഇതനുസരിച്ച് 4415 പ്രാഥമിക സഹകരണ സംഘങ്ങളില്‍ സോഫ്റ്റ് വെയര്‍ സ്ഥാപിക്കുമ്പോള്‍ 914 കോടിയോളം രൂപ ചിലവ് വരും.

206 കോടി രൂപയ്ക്ക് ടിസിഎസ് 4415 സഹകരണ സംഘങ്ങളില്‍ സ്ഥാപിക്കാമെന്നേറ്റ പദ്ധതിയാണ് അതിന്റെ നാലിരട്ടിക്കു മേല്‍ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നത്. ഈ പദ്ധതി നടപ്പാക്കിക്കഴിയുമ്പോള്‍ ഖജനാവിന് 700 കോടിയില്‍പരം രൂപയുടെ നഷ്ടം ഉണ്ടാകും.

ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി വെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേകാനുമതിയോടെ ഈ ടെന്‍ഡര്‍ നല്‍കാനാണ് നീക്കമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.