വെറും 'കടലാസ് പുലി'; സഖ്യ കക്ഷികളോ 'പേടിത്തൊണ്ടന്മാര്‍'; നാറ്റോ വിടുമെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്

 വെറും 'കടലാസ് പുലി';  സഖ്യ കക്ഷികളോ  'പേടിത്തൊണ്ടന്മാര്‍'; നാറ്റോ വിടുമെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്

വാഷിങ്ടണ്‍: നാറ്റോയില്‍ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) നിന്ന് പുറത്തു പോകുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇറാനെതിരായ അമേരിക്കന്‍ സൈനിക നടപടിയെ സഖ്യ കക്ഷികള്‍ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് നാറ്റോയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നതിനെപ്പറ്റി താന്‍ ഗൗരവമായി ആലോചിക്കുന്നതെന്ന് ബ്രിട്ടീഷ് പത്രമായ 'ദ ടെലിഗ്രാഫിന്' നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വ്യക്തമാക്കിയത്.

നാറ്റോ സഖ്യത്തെ ഒരു 'കടലാസ് പുലി' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു. നാറ്റോ ഒരു കടലാസ് പുലി ആണെന്നും ഈ സത്യം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് കൃത്യമായി അറിയാമെന്നും ട്രംപ് പരിഹസിച്ചു.

ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഹോര്‍മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാന്‍ വിസമ്മതിച്ച നാറ്റോ സഖ്യ കക്ഷികളെ 'പേടിത്തൊണ്ടന്മാര്‍' എന്ന് വിളിച്ചാണ് ട്രംപ് വിമര്‍ശിച്ചത്.

യുദ്ധത്തിന് ശേഷം സഖ്യത്തിലെ യു.എസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന ചോദ്യത്തിന്, 'ഞാന്‍ ഒരിക്കലും നാറ്റോയാല്‍ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, പുടിനും അതറിയാം.' എന്നായിരുന്നു ട്രംപിന്റെ മറുപടി.

പശ്ചിമേഷ്യയില്‍ ഇസ്രയേലുമായി ചേര്‍ന്ന് അമേരിക്ക ഇറാനെതിരായി ആരംഭിച്ച യുദ്ധത്തിന് പിന്നാലെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഇത് ആഗോള ഊര്‍ജ വിപണിയില്‍ വലിയ അസ്ഥിരതയുണ്ടാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ, ഈ പാതയിലെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തെ വിന്യസിക്കണമെന്ന അമേരിക്കയുടെ ആവശ്യത്തെ നാറ്റോ സഖ്യ കക്ഷികള്‍ നിരസിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

സഖ്യ കക്ഷികള്‍ക്കിടയില്‍ പരസ്പര സഹകരണമില്ലെന്ന് ട്രംപ് വിമര്‍ശിച്ചു. 'ഉക്രെയ്ന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഞങ്ങള്‍ സ്വയമേവ അവിടെയുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് വേണ്ടി എവിടെയും ഉണ്ടായിരുന്നില്ല'- മുന്‍കാല സംഘര്‍ഷങ്ങളിലെ പാശ്ചാത്യ പിന്തുണയെ പരാമര്‍ശിച്ച് അദേഹം പറഞ്ഞു. യു.എസ്-ഇസ്രയേല്‍ സൈനിക നീക്കത്തില്‍ ചേരാത്ത ബ്രിട്ടന്റെ ഭരണ നേതൃത്വത്തെയും ട്രംപ് കുറ്റപ്പെടുത്തി.

'നിങ്ങള്‍ക്ക് ഒരു നാവിക സേന പോലുമില്ല. നിങ്ങള്‍ പ്രായമേറിയവരാണ്, നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാത്ത വിമാന വാഹിനിക്കപ്പലുകളാണ് ഉണ്ടായിരുന്നത്'- കെയര്‍ സ്റ്റാര്‍മറെ പരിഹസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.