'കേരളത്തില്‍ ജനിച്ചവര്‍ ഈ നാടിന്റെ മക്കള്‍, അവരെ പുറത്താക്കാന്‍ കഴിയില്ല'; പൗരത്വ നിയമത്തിനെതിരെ നേറ്റിവിറ്റി കാര്‍ഡ് ആയുധമാക്കി പിണറായി വിജയന്‍

'കേരളത്തില്‍ ജനിച്ചവര്‍ ഈ നാടിന്റെ മക്കള്‍, അവരെ പുറത്താക്കാന്‍ കഴിയില്ല'; പൗരത്വ നിയമത്തിനെതിരെ നേറ്റിവിറ്റി കാര്‍ഡ് ആയുധമാക്കി പിണറായി വിജയന്‍

കോഴിക്കോട്: കേരളത്തില്‍ ജനിച്ചവര്‍ ഈ നാടിന്റെ മക്കളാണെന്നും അവരെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം ഉണ്ടാക്കുന്ന ആശങ്കകള്‍ പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 'നേറ്റിവിറ്റി കാര്‍ഡ്' കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളുടെ സംയുക്ത തിരഞ്ഞെടുപ്പ് റാലി കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. പൗരത്വത്തിന്റെ പേരില്‍ ആരും ഈ നാട്ടില്‍ ഭയപ്പെട്ട് കഴിയേണ്ടതില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

''നിങ്ങളാരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ കേരളത്തിന്റെ സന്തതിയാണ്, ഇതാ തെളിവ് എന്ന് അഭിമാനത്തോടെ കാണിക്കാന്‍ സംസ്ഥാനം നല്‍കുന്ന നേറ്റിവിറ്റി കാര്‍ഡിന് സാധിക്കും.''- മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ മണ്ണില്‍ പിറന്നവര്‍ ഈ നാടിന്റെ അവകാശികളാണെന്നും അദേഹം വ്യക്തമാക്കി.

പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ ഏക സര്‍ക്കാര്‍ ഇടതുപക്ഷത്തിന്റേതാണ്. അന്ന് സംശയം പ്രകടിപ്പിച്ചവര്‍ക്ക് ഇന്ന് മറുപടി ലഭിച്ചുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ കേരളത്തിന്റെ വികസനത്തില്‍ കേന്ദ്രത്തിന് പങ്കില്ല. പ്രളയ കാലത്തും വയനാട് ദുരന്ത സമയത്തും കേരളത്തെ സഹായിക്കാന്‍ കേന്ദ്രം തയ്യാറായില്ല. ലോക രാഷ്ട്രങ്ങള്‍ സഹായിക്കാമെന്ന് പറഞ്ഞിട്ടും അതിന് അനുമതി നല്‍കിയില്ലെന്നും അദേഹം കുറ്റപ്പെടുത്തി. ബിജെപിയെയും ആര്‍എസ്എസിനെയും കേരളം സ്വീകരിക്കാത്തതിലുള്ള പകയാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. കേരളം തകരട്ടെ എന്ന നിലപാടാണ് അവര്‍ക്കുള്ളതെന്നും ഇതിനെ തള്ളിപ്പറയാന്‍ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.