കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടക്കും.
തിരുവനന്തപുരം പാളയത്ത് രാവിലെ 6:30 ന് കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവയും ഡോ. തോമസ് ജെ. നെറ്റോയും മാര്‍ തോമസ് തറയിലും നേതൃത്വം നല്‍കുന്ന സംയുക്ത കുരിശിന്റെ വഴി ആരംഭിച്ചു. സെന്റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നല്‍കും.
പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ നടക്കുന്ന ദുഖ വെള്ളി ചടങ്ങുകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായാണ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്.
ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശ് മരണം. കുരിശ് മരണത്തിന് മുന്നോടിയായി യേശുവിന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ പുതുക്കാന്‍ കുരിശിന്റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും.
അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഗള്‍ഫ് മേഖലകളിലെ പല പള്ളികളിലെയും ചടങ്ങുകള്‍ ഓണ്‍ലൈനായാകും നടത്തുക. ദുബായില്‍ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പള്ളികളിലെ അധികാരികള്‍ക്ക് കൈമാറിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ആയി ചടങ്ങുകള്‍ നടത്താന്‍ സഭകള്‍ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.