'പഠനാനുമതി രേഖകള്‍ ഹാജരാക്കണം'; കാനഡയിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ്

'പഠനാനുമതി രേഖകള്‍ ഹാജരാക്കണം'; കാനഡയിലെ ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: കാനഡയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ പഠന അനുമതി വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ തെളിവ് ഹാജരാക്കണമെന്ന് കാനഡ. ഇക്കാര്യമുന്നയിച്ച് നിരവധി ബന്ധപ്പെട്ട വകുപ്പധികൃതര്‍ കത്തുകള്‍ അയച്ചു. 21 ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ നല്‍കണമെന്നും അല്ലെങ്കില്‍ കാനഡയിലെ നിങ്ങളുടെ താല്‍ക്കാലിക താമസ പദവി നഷ്ടപ്പെടാന്‍ ഇടയാകുമെന്നും എന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

മാര്‍ച്ച് 23 ന് കനേഡിയന്‍ ഓഡിറ്റര്‍ ജനറല്‍ കാരെന്‍ ഹൊഗന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഈ മേഖലയില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. പ്രോഗ്രാമുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിക്കണമെന്നും ഓഡിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നു.

വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് നിലവിലെ എന്റോള്‍മെന്റ് സ്റ്റാറ്റസ് സ്ഥിരീകരിക്കുന്ന ഔദ്യോഗിക കത്ത്,
ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്റ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐ.ആര്‍.സി.സി)ക്ക് നല്‍കണമെന്നാണ് നിര്‍ദേശം. കാനഡയില്‍ നേരത്തെ പഠിച്ച വിദ്യാഭ്യാസ സ്ഥാനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും നല്‍കണം.

മുന്‍ വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ പദ്ധിതിയുമായി ബന്ധപ്പെട്ട വന്‍ തട്ടിപ്പ് നടന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദേശ വിദ്യാര്‍ഥി പെര്‍മിറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ത്വരിതഗതിയില്‍ അന്വേഷിക്കാനും എല്ലാ മാസവും 15 നകം ഹൗസ് ഓഫ് കോമണ്‍സിന്റെ പൗരത്വ, കുടിയേറ്റ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യാനും ഐ.ആര്‍.സി.സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രേഖകളില്‍ കൃത്രിമം നടത്തി വിസ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും ഏജന്റുമാരെയും ഐ.ആര്‍.സി.സി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2023 നും 2024 നും ഇടയില്‍ പഠന അനുമതി വ്യവസ്ഥകള്‍ പാലിക്കാത്ത 1, 53,000 ത്തിലധികം വിദ്യാര്‍ഥികളെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഓരോ വര്‍ഷവും 2,000 കേസുകള്‍ മാത്രമേ അന്വേഷിക്കാന്‍ ഫണ്ട് ഉണ്ടായിരുന്നുള്ളൂ എന്ന് എ.ജിയുടെ റിപ്പോര്‍ട്ട് പറയുന്നു.

2018 നും 2023 നും ഇടയില്‍ വ്യാജ രഖകള്‍ ഉപയോഗിച്ച് തരപ്പെടുത്തിയ 800 പഠന പെര്‍മിറ്റുകള്‍ ഐ.ആര്‍.സി.സി തിരിച്ചറിഞ്ഞു. ഇവരില്‍ പലരും പിന്നീട് കാനഡയില്‍ ഇമിഗ്രേഷന്‍ പെര്‍മിറ്റുകള്‍ക്ക് അപേക്ഷിച്ചു. ഇതില്‍ 710 അപേക്ഷകര്‍ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചതായി അവകാശപ്പെട്ടു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ അത്തരം സ്ഥാപനങ്ങള്‍ നിലവിലില്ലെന്ന് കണ്ടെത്തി.

വിദ്യാഭ്യാസ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പുതിയ പരിശോധനാ സംവിധാനത്തിലൂടെ തുടര്‍ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ഐ.ആര്‍.സി.സിയോട് നിര്‍ദേശിച്ചു. തട്ടിപ്പ് തടയുന്നതിന് കാലഹരണപ്പെട്ട പെര്‍മിറ്റുകള്‍, കാലാവധി നീട്ടാന്‍ അപേക്ഷിക്കാത്തവര്‍ തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിക്ക് കൈമാറാനും ഐ.ആര്‍.സി.സി തീരുമാനിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.