ഇസ്ലമാബാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി ഇറാനും യു.എസും തമ്മില്‍ നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയം. ഇസ്ലമാബാദില്‍ 21 മണിക്കൂറിലധികം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും നിര്‍ണായക വിഷയങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറായിരുന്നില്ല. ഇതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം.
ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കന്‍ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കരാറില്ലാതെ ചര്‍ച്ചകള്‍ അവസാനിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് അറിയിക്കുകയായിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകളില്‍ ഉടമ്പടികളൊന്നുമില്ലാതെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോകുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ വാന്‍സ് വ്യക്തമാക്കി.
തങ്ങള്‍ക്ക് ഒരു ഉടമ്പടിയിലെത്താന്‍ കഴിഞ്ഞില്ല എന്നത് ദുഖകരമാണ്. അമേരിക്കയേക്കാള്‍ ഇത് ഇറാനെയാണ് കൂടുതല്‍ ബാധിക്കുക. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ചര്‍ച്ചകളില്‍ എന്തെങ്കിലും കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പാകിസ്ഥാന്റെ ഭാഗത്ത് നിന്നല്ല. അവര്‍ തങ്ങള്‍ക്കിടയിലെ വിടവ് നികത്തി ഒരു കരാറിലെത്താന്‍ സഹായിക്കാന്‍ തീവ്രമായി ശ്രമിച്ചു. ഇറാനികളുമായി ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെങ്കിലും ഒരു ഉടമ്പടിയിലും എത്താന്‍ കഴിഞ്ഞില്ലെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ കരാറിലെത്താതെ അവസാനിച്ചതായി ഇറാനും സ്ഥിരീകരിച്ചു. ഇറാനിലെ യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്ന അമേരിക്കയുടെ നിര്‍ദേശമാണ് പ്രധാനമായും തര്‍ക്കത്തിന് കാരണമായത്. ഇത് അംഗീകരിക്കാന്‍ ഇറാന്‍ പ്രതിനിധികള്‍ തയ്യാറായില്ല. കൂടാതെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങള്‍, ഇറാന്റെ ആണവ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ഇറാന്‍ വ്യക്തമാക്കി.
ഇസ്ലമാബാദില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കയ്ക്ക് വേണ്ടി വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവരാണ് പങ്കെടുത്തത്. ഇറാന് വേണ്ടി പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അടങ്ങുന്ന സംഘവും പങ്കെടുത്തു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസീം മുനീര്‍ എന്നിവരാണ് മധ്യസ്ഥത വഹിച്ചത്.
ചര്‍ച്ച പരാജയപ്പെട്ടതോടെ ഇറാനും യു.എസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലും അനിശ്ചിതത്വത്തിലായി. ഇറാനും യു.എസും ബുധനാഴ്ച 14 ദിവസത്തെ വെടിനിറുത്തലിനാണ് ധാരണയിലെത്തിയിരുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ ഭീഷണി മുഴക്കിയിരുന്നു. എന്തും നേരിടാന്‍ സജ്ജമെന്നായിരുന്നു ഇതിന് ഇറാന്റെ മറുപടി.
അതേസമയം ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനും അവരുടെ പ്രോക്‌സികള്‍ക്കും എതിരായ പോരാട്ടം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. 40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇതോടെ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.