ബീജിങ്: രാജ്യത്തെ സൈബര്‍ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതത്തിന് സാക്ഷ്യം വഹിച്ച് ചൈന. ടിയാന്‍ജിനിലെ നാഷണല്‍ സൂപ്പര്‍ കമ്പ്യൂട്ടിങ് സെന്ററിന് നേരെ നടന്ന സൈബറാക്രമണത്തില്‍ പ്രതിരോധ രേഖകളും മിസൈല്‍ രൂപരേഖകളും ഉള്‍പ്പെടെ പത്ത് ലക്ഷം ജിബി (10 പെറ്റാബൈറ്റ്) ഡാറ്റ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ആറ് മാസത്തോളം നീണ്ടുനിന്ന നിഗൂഢമായ ഓപ്പറേഷനിലൂടെയാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. അതീവ രഹസ്യ സ്വഭാവമുള്ള മിസൈല്‍ രൂപരേഖകള്‍, യുദ്ധവിമാന ഗവേഷണങ്ങള്‍, ആധുനിക യുദ്ധ മാതൃകകള്‍ എന്നിവ ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. എയറോസ്‌പേസ് എന്‍ജിനീയറിങ്, സൈനിക സാങ്കേതിക വിദ്യ, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ്, ഫ്യൂഷന്‍ സിമുലേഷന്‍ തുടങ്ങിയ തന്ത്രപ്രധാനമായ ഡാറ്റയും ഹാക്കര്‍മാരുടെ കൈവശം എത്തിയതായാണ് വിവരം.
രാജ്യത്തെ ആറായിരത്തിലധികം സ്ഥാപനങ്ങള്‍ക്ക് കമ്പ്യൂട്ടിങ് പിന്തുണ നല്‍കുന്ന കേന്ദ്രമായതിനാല്‍ ഈ ഹാക്കിങ് ചൈനയുടെ മൊത്തം സുരക്ഷാ സംവിധാനങ്ങളെയും ബാധിച്ചേക്കും. സൈബര്‍ സുരക്ഷാ വിദഗ്ധരുടെ നിഗമന പ്രകാരം വളരെ ലളിതമെങ്കിലും ഫലപ്രദമായ രീതിയാണ് ഹാക്കര്‍മാര്‍ ഉപയോഗിച്ചത്. സുരക്ഷാ തകരാറുള്ള ഒരു വിപിഎന്‍ വഴിയാണ് ഹാക്കര്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ പ്രവേശിച്ചത്. വിവരങ്ങള്‍ ചോര്‍ത്താനായി ഒരു ഓട്ടമേറ്റഡ് സിസ്റ്റം വിന്യസിച്ചു. വിവരങ്ങള്‍ ഒന്നിച്ച് ചോര്‍ത്തുന്നതിന് പകരം തിരിച്ചറിയപ്പെടാതിരിക്കാന്‍ വിവിധ സിസ്റ്റങ്ങളിലൂടെ ചെറിയ ഭാഗങ്ങളായി ആറ് മാസം കൊണ്ടാണ് ഡാറ്റ കടത്തിയത്.
ചോര്‍ത്തപ്പെട്ട വിവരങ്ങളുടെ ആദ്യ ഭാഗം ഫെബ്രുവരിയില്‍ തന്നെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'ഫ്‌ലേമിങ് ചൈന' എന്ന പേരുള്ള ഉപയോക്താവ് ടെലഗ്രാം ചാനല്‍ വഴിയാണ് ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. നിലവില്‍ ഈ തന്ത്രപ്രധാന രേഖകള്‍ ഹാക്കര്‍മാര്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ സൈബര്‍ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക്, മാസങ്ങളോളം തങ്ങളുടെ മൂക്കിന് താഴെ നടന്ന ഈ വിവരച്ചോര്‍ച്ച തിരിച്ചറിയാന്‍ കഴിയാതെ പോയത് വലിയ നാണക്കേടായിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.