ആര്‍ച്ച് ബിഷപ്പ് ആമല്‍ ഷാമൂണ്‍ നോന കല്‍ദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയര്‍ക്കീസ്

ആര്‍ച്ച് ബിഷപ്പ് ആമല്‍ ഷാമൂണ്‍ നോന കല്‍ദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയര്‍ക്കീസ്

ബാഗ്ദാദ്: ആഗോള കത്തോലിക്ക സഭയുടെ ഭാഗമായ പൗരസ്ത്യ സഭകളില്‍ ഉള്‍പ്പെടുന്ന പാത്രിയാര്‍ക്കല്‍ സഭയായ കല്‍ദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയര്‍ക്കീസായി ആര്‍ച്ച് ബിഷപ്പ് ആമല്‍ നോനയെ തിരഞ്ഞെടുത്തു.

കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയുടെ രാജിയെ തുടര്‍ന്ന് ഞായറാഴ്ചയാണ് കല്‍ദായ കത്തോലിക്കാ സഭയുടെ പുതിയ പാത്രിയര്‍ക്കീസായി ആര്‍ച്ച് ബിഷപ്പ് ആമല്‍ നോന തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ അധ്യക്ഷന്‍ പോള്‍ മൂന്നാമന്‍ എന്ന പേരില്‍ അറിയപ്പെടും.

1967ല്‍ അല്‍ഘോഷിലാണ് അസീറോ-കല്‍ദായ വംശജനായ ആമല്‍ ഷാമൂണ്‍ നോനയുടെ ജനനം. 1985 ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കല്‍ദായ പാത്രിയാര്‍ക്കല്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദിക പഠനം ആരംഭിച്ചു.

1991 ജനുവരി 11 ന് ബാഗ്ദാദില്‍ വെച്ച് തിരുപ്പട്ടം സ്വീകരിച്ചു. 1993 മുതല്‍ 2000 വരെ അദേഹം അല്‍ഘോഷില്‍ ഇടവക വികാരിയായി സേവനം ചെയ്തു. തുടര്‍ന്ന് പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു.

2005 ല്‍ ദൈവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി നാട്ടിലേക്ക് മടങ്ങി. 2005 മുതല്‍ ബാബല്‍ കോളജില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട് അല്‍ഘോഷിലെ കല്‍ദായ കത്തോലിക്കാ രൂപതയുടെ വികാരി ജനറലായി നിയമിതനായി.

2010 മുതല്‍ 2015 വരെ മൊസൂളിന്റെ ആര്‍ച്ച് ബിഷപ്പായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികള്‍ മേഖലയില്‍ വന്‍ നാശം വിതച്ച കാലയളവായിരിന്നു അത്. 2015 മുതല്‍ സിഡ്നിയിലെ സെന്റ് തോമസ് കല്‍ദായ രൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനം ചെയ്തു വരികയായിരുന്നു. സിറിയന്‍, അറബിക്, ഇറ്റാലിയന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.