ചര്‍ച്ച പരാജയപ്പെട്ടത് രണ്ടേരണ്ട് കാരണങ്ങളെച്ചൊല്ലി; പക്ഷേ, ഇരുരാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ടത്: യോജിപ്പിലെത്തുമോ രണ്ടാംവട്ട കൂടിക്കാഴ്ചയില്‍?..

ചര്‍ച്ച പരാജയപ്പെട്ടത് രണ്ടേരണ്ട് കാരണങ്ങളെച്ചൊല്ലി; പക്ഷേ, ഇരുരാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ടത്: യോജിപ്പിലെത്തുമോ രണ്ടാംവട്ട കൂടിക്കാഴ്ചയില്‍?..

ഇസ്ലമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലമാബാദില്‍ ശനിയാഴ്ച നടന്ന ഇറാന്‍-യു.എസ് സമാധാന ചര്‍ച്ച പ്രധാനമായും രണ്ട് കാരണങ്ങളില്‍ തട്ടിയാണ് പരാജയപ്പെട്ടതെന്ന് ഇരു രാജ്യത്തെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്നതിന്റെ കാലപരിധി സംബന്ധിച്ചായിരുന്നു ഒരു തര്‍ക്കം. രണ്ടാമത്തേത് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം. യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്ന നിലപാടില്‍ മാറ്റം വരുത്തിയ അമേരിക്ക, സമ്പുഷ്ടീകരണം ഇരുപത് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ ഇറാനോട് നിര്‍ദേശിച്ചു. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് ഇറാന്‍ സമ്മതം അറിയിച്ചുള്ളൂ. ഇത് അമേരിക്കയ്ക്ക് സ്വീകാര്യമായില്ല.

പന്ത്രണ്ടര വര്‍ഷത്തെ ഇടക്കാല കാലാവധി എന്ന നിര്‍ദേശം മധ്യസ്ഥര്‍ വഴി ഉയര്‍ന്നെങ്കിലും ഇരുപക്ഷവും അതിനോടു പൂര്‍ണമായി യോജിച്ചില്ല. ശുദ്ധീകരിച്ച യുറേനിയം ദുര്‍ബലമാക്കാമെന്ന് ഇറാന്‍ പറഞ്ഞെങ്കിലും പിന്നീട് അത് വീണ്ടും സമ്പുഷ്ടീകരിക്കാന്‍ സാധിക്കുമെന്നതിനാല്‍ ആ നിര്‍ദേശവും സ്വീകാര്യമായില്ല.

രണ്ടാമത്തെ പ്രധാന പ്രശ്‌നം ഹോര്‍മുസ് കടലിടുക്കായിരുന്നു. ഇവിടെ ഇറാന്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍ രാജ്യാന്തര ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന് ഇറാന്‍ നിലപാടെടുത്തു. ചര്‍ച്ച ഏതാണ്ട് എഴുപത് ശതമാനവും വിജയമായിരുന്നെങ്കിലും പ്രധാനപ്പെട്ട ഈ രണ്ട് കാര്യങ്ങളില്‍ യോജിപ്പിലെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞില്ല.

അതേസമയം തുടര്‍ ചര്‍ച്ചയ്ക്കുള്ള സാധ്യത ഇരുരാജ്യങ്ങളും ആവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കുന്നത് മുമ്പായി ചര്‍ച്ച നടത്താനാണ് നീക്കം. വെടിനിര്‍ത്തല്‍ നീട്ടുക എന്നതാകും ഈ ചര്‍ച്ചയില്‍ മുഖ്യ അജണ്ട. തുടര്‍ന്ന് വിശാലമായി ചര്‍ച്ച നടത്തി ശാശ്വത പരിഹാരം കണ്ടെത്തുക എന്നതാണ് ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.