അൾജിയേഴ്സ്: സഭയുടെ ആത്മീയ ജ്ഞാനിയും ലോകപ്രശസ്ത തത്വചിന്തകനുമായ വിശുദ്ധ അഗസ്റ്റിന്റെ സ്മരണകൾ ഇരമ്പുന്ന പുരാതന നഗരമായ അന്നാബയിൽ (ഹിപ്പോ) തന്റെ ആത്മീയ പിതാവിന് പ്രണാമമർപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. അഗസ്റ്റീനിയൻ സന്യാസ സമൂഹാംഗമായ പാപ്പ, മാർപാപ്പ പദവിയിലെത്തിയ ശേഷം ആദ്യമായാണ് വിശുദ്ധ അഗസ്റ്റിൻ 35 വർഷത്തോളം മെത്രാനായി സേവനമനുഷ്ഠിച്ച ഈ പുണ്യഭൂമിയിൽ എത്തുന്നത്.
ചൊവ്വാഴ്ച രാവിലെ അൾജിയേഴ്സിൽ നിന്ന് 440 കിലോമീറ്ററോളം യാത്ര ചെയ്താണ് പാപ്പ അന്നാബയിലെത്തിയത്. റോമൻ സാമ്രാജ്യത്തിന്റെ പ്രധാന തീരദേശ നഗരമായിരുന്ന ഇവിടെ ക്രിസ്തു വർഷം 396 മുതൽ 430 ൽ മരിക്കുന്നത് വരെയാണ് വിശുദ്ധ അഗസ്റ്റിൻ ബിഷപ്പായി ശുശ്രൂഷ ചെയ്തത്. മുൻപ് 2004 ലും 2013 ലും ഈ നഗരം സന്ദർശിച്ചിട്ടുള്ള പാപ്പയ്ക്ക് പത്രോസിന്റെ പിൻഗാമിയായി വീണ്ടും ഇവിടെയെത്താൻ കഴിഞ്ഞത് ചരിത്ര മുഹൂർത്തമായി.
തന്റെ ആത്മീയ പിതാവ് നടന്നുപോയ പുരാതന വീഥികളിൽ പാപ്പ പുഷ്പചക്രം അർപ്പിക്കുകയും അൽപ്പനേരം പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തു. സന്ദർശനത്തിന്റെ ഭാഗമായി അൾജീരിയൻ മണ്ണിൽ ഒലിവുതൈ നട്ട പാപ്പ, വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച സന്യസ്തരെ അനുസ്മരിക്കുകയും ചെയ്തു.
വിശുദ്ധ അഗസ്റ്റിന്റെ ഗ്രന്ഥങ്ങളെ ആസ്പദമാക്കി അന്നാബാസ് മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കിയ സാഹോദര്യത്തിന്റെ ഗാനങ്ങൾ പാപ്പ ശ്രവിച്ചു. പത്രോസിന്റെ പിൻഗാമിയായി ഈ പുണ്യഭൂമിയിൽ തിരിച്ചെത്താൻ സഹായിച്ച ദൈവിക പരിപാലനയ്ക്ക് പാപ്പ നന്ദി രേഖപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.