വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ശേഷം ലിയോ പതിനാലാമൻ മാർപാപ്പ രണ്ടാമത്തെ കൺസിസ്റ്ററി വിളിച്ചുചേർക്കുന്നു. ജൂൺ 26, 27 തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന ഈ സമ്മേളനത്തിലേക്ക് ലോകമെമ്പാടുമുള്ള കർദിനാൾമാരെ പാപ്പ ഹൃദയപൂർവ്വം ക്ഷണിച്ചു.
കഴിഞ്ഞ ജനുവരിയിൽ നടന്ന പ്രഥമ കൺസിസ്റ്ററിയുടെ തുടർച്ചയായാണ് ഈ സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്. 'ഇവാഞ്ചലിയം ഗൗഡിയം' (സുവിശേഷത്തിന്റെ ആനന്ദം) എന്ന അപ്പസ്തോലിക പ്രബോധനത്തെ മുൻനിർത്തി കർദ്ദിനാൾമാർ നടത്തിയ പഠനങ്ങളെ കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വിശ്വാസികളെ ക്രിസ്തുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിലേക്ക് നയിക്കണമെന്നും സഭ കൂടുതൽ പക്വമായ വിശ്വാസത്തിലേക്ക് വളരണമെന്നും പാപ്പ ആഹ്വാനം ചെയ്തു. സഭ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളിൽ പോലും എല്ലാവർക്കും പ്രത്യാശ പകരുന്ന 'ചെറിയ ആട്ടിൻകൂട്ടമായി' നിലകൊള്ളാൻ നമുക്ക് കഴിയണമെന്ന് പാപ്പ ക്ഷണക്കത്തിൽ കുറിച്ചു.
വിശുദ്ധ ശ്ലീഹാമാരുടെ തിരുനാളിന്റെ ആത്മീയ നിറവിൽ നടക്കുന്ന ഈ കൺസിസ്റ്ററി സഭയുടെ ഭാവി പ്രവർത്തനങ്ങളിൽ നിർണായകമായ വഴികാട്ടിയാകുമെന്ന് പ്രത്യാശിക്കപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.