ഇറാനില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സമീപകാലത്ത് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. നോര്‍വെ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കനുസരിച്ച് 2025 ല്‍ മാത്രം കുറഞ്ഞത് 1,639 പേരെ ഇറാന്‍ വധ ശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 2024 ല്‍ ഇത് 975 ആയിരുന്നു. അതായത് വധ ശിക്ഷകളില്‍ 68 ശതമാനത്തിന്റെ വര്‍ധന.
ടെഹ്റാന്‍: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ബിത ഹമേതി എന്ന യുവതിക്ക് വധശിക്ഷ. ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വധശിക്ഷ ലഭിക്കുന്ന ആദ്യത്തെ വനിതയാണ് ബിത.
ബിതയോടൊപ്പം അവരുടെ ഭര്‍ത്താവ് മുഹമ്മദ്‌റേസ മജീദ് അസ്ല്‍, ബെഹ്റൂസ്, കുറോഷ് സമാനി നെഷാദ് എന്നിവര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം വിചാരണ ഒരുമിച്ചാണ് നടന്നത്. ഒരേ കേസില്‍ തന്നെയാണ് ഇവര്‍ക്കെല്ലാവര്‍ക്കും വധശിക്ഷ വിധിച്ചിരിക്കുന്നതും.
പൊതുമുതല്‍ നശിപ്പിക്കല്‍, സ്ഫോടക വസ്തുക്കളുടെയും ആയുധങ്ങളുടെയും ഉപയോഗം, സായുധ സേനയെ ആക്രമിക്കല്‍, കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ നിന്ന് കുപ്പികള്‍, കോണ്‍ക്രീറ്റ് കട്ടകള്‍, തീപിടിക്കുന്ന വസ്തുക്കള്‍ എന്നിവ എറിയുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരിയില്‍ രാജ്യത്തുടനീളം പടര്‍ന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനാണ് ഇറാനിയന്‍ കോടതി ഇവര്‍ക്ക് തൂക്കു കയര്‍ വിധിച്ചത്. ഇതിന് പുറമേ, ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ സുരക്ഷയെ തകര്‍ക്കാനും ശത്രു ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കാനുമാണ് ഇവര്‍ ശ്രമിച്ചതെന്നാണ് അധികൃതര്‍ ആരോപിക്കുന്നത്. ദേശീയ സുരക്ഷയ്ക്കെതിരായ നീക്കങ്ങള്‍, ഭരണകൂട വിരുദ്ധ പ്രചാരണങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തി ബിതയുടെ ബന്ധുവായ അമീര്‍ ഹമേതിക്ക് ആറ് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു.
പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ടെഹ്‌റാനില്‍ നിന്നാണ് ഇവരെല്ലാവരും അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ ടെഹ്‌റാനിലെ കടയുടമകളും വ്യാപാരികളും നടത്തിയ പ്രാദേശിക പണിമുടക്കുകളിലൂടെയാണ് ഇറാനില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. വൈകാതെ തന്നെ ഈ പ്രതിഷേധങ്ങള്‍ തെരുവുകളിലേക്ക് പടരുകയും തലസ്ഥാനത്തിന് പുറത്തുള്ള മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ പ്രക്ഷോഭങ്ങളില്‍ സജീവമായി പങ്കെടുത്തു. ശക്തമായാണ് ഇറാനിയന്‍ ഭരണകൂടം ഈ പ്രക്ഷോഭങ്ങളെ നേരിട്ടത്. ഇതിന്റെ ഫലമായി ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു, പതിനായിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള മാസങ്ങളില്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട നിരവധി പേരെ രാജ്യം വധ ശിക്ഷയ്ക്ക് വിധേയമാക്കി.
ഇറാനില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സമീപകാലത്ത് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. നോര്‍വെ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കനുസരിച്ച് 2025 ല്‍ മാത്രം കുറഞ്ഞത് 1,639 പേരെ ഇറാന്‍ വധ ശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. 2024 ല്‍ ഇത് 975 ആയിരുന്നു. അതായത് വധ ശിക്ഷകളില്‍ 68 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
ഈ കണക്കുകള്‍ പ്രകാരം ഇറാനില്‍ പ്രതിദിനം ശരാശരി നാലില്‍ അധികം വധ ശിക്ഷകള്‍ നടക്കുന്നുണ്ട്. 2008 ല്‍ വധശിക്ഷകളെ കുറിച്ചുള്ള നിരീക്ഷണം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാത്രമല്ല, 1989 ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയുമാണിത്. അടുത്തിടെ ഖെസല്‍ ഹെസാര്‍ ജയിലില്‍ വെച്ച് ഒരു കൗമാരക്കാരനായ സംഗീതജ്ഞനെയും ഇറാന്‍ അധികൃതര്‍ വധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.