തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തര നിലവാരമുള്ളതാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മുണ്ട് കെട്ടി മറച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ഐസിയു പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 17 ന് ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് ഐസിയു പ്രവര്‍ത്തന രഹിതമായത്. ഒരു മാസമായിട്ടും അത് നന്നാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഗുരുതര പ്രതിസന്ധി ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് കത്തയച്ചു.
രണ്ടാം നിലയിലെ തീവ്ര പരിചരണ വിഭാഗത്തിന്റെ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ മെഷീനിലാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ഈ സമയത്ത് അമ്പതോളം രോഗികളായിരുന്നു ഐസിയുവില്‍ ഉണ്ടായിരുന്നത്.
തീ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രോഗികളെ മാറ്റിയിരുന്നു. തീപിടിത്തത്തിന് പിന്നാലെ അഞ്ച് രോഗികള്‍ മരിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് നിഷേധിക്കുകയായിരുന്നു.
ഒരു മാസമായിട്ടും ഐസിയു പ്രവര്‍ത്തന സജ്ജമാകാത്തത് രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീപിടുത്തത്തെ തുടര്‍ന്ന് മാറ്റിയ രോഗികള്‍ ഇപ്പോഴും തുണികെട്ടി മറച്ച താല്‍ക്കാലിക ഐസിയുകളിലാണ് കഴിയുന്നത്.
രോഗികളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് അണുബാധയുണ്ടാക്കാനുള്ള സാധ്യതയും ഉണ്ടെന്നും വകുപ്പ് മേധാവി അധികൃതരെ അറിയിച്ചിട്ടുണ്ട്. ഐസിയു ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.