മഴ ഭീഷണിയില്‍ ഉത്രാടപ്പാച്ചില്‍: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനം ജാഗ്രതയില്‍

മഴ ഭീഷണിയില്‍ ഉത്രാടപ്പാച്ചില്‍: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനം ജാഗ്രതയില്‍

കോട്ടയം: തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി നാട് ഉത്രാടപ്പാച്ചിലിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്ത് മഴ ഭീഷണി ശക്തമാകുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ആറ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റോടു കൂടിയ ഇടത്തരം മഴയ്ക്കുമാണ് സാധ്യത പ്രവചിക്കുന്നത്. ഓണക്കാലത്തെ തുടര്‍ച്ചയായ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ സജ്ജമായിരിക്കണമെന്ന് മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍ദേശിച്ചു.

താലൂക്കുതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ഉടനടി തുറക്കാനും നിര്‍ദേശമുണ്ട്. പ്രകൃതി ദുരന്ത സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും പൊലീസും റോഡ് സുരക്ഷാ സംവിധാനങ്ങളും പൂര്‍ണ ജാഗ്രത പാലിക്കും. മഴ കനക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനും നടപടിയായി. അതേസമയം മോശം കാലാവസ്ഥയും മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെ മീന്‍പിടിത്തത്തിന് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശവാസികളും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.