ആലപ്പുഴ: വിവിധ തരത്തിലുള്ള പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് സ്ഥാപന ഉടമകളുടെ പതിവ് ശൈലിയാണ്. എവിടെയും വ്യത്യസ്ഥത കണ്ടെത്തി അത്തരം പോസ്റ്ററുകളും പരസ്യ വാചകങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പലരും തങ്ങളുടെ സ്ഥാപനത്തിലെ കച്ചവടം കൂട്ടാറുണ്ട്. പ്രത്യേകിച്ച് ഹോട്ടലുടമകള്‍.
അത്തരത്തില്‍ വിഷു ദിനത്തോടനുബന്ധിച്ച് മന്തിക്കടയുടെ പേരില്‍ ആശംസ പോസ്റ്റര്‍ ഇറക്കിയ ഹോട്ടലുടമയെ കഴിഞ്ഞ ദിവസം പൊലീസ് പൊക്കി. ആലപ്പുഴ ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കടയുടെ ഉടമകളിലൊരാളായ ഷഹനാസിനെയാണ് വിവാദ വിഷു ആശംസ പോസ്റ്ററിന്റെ പേരില്‍ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകൃഷ്ണന് മുന്നില്‍ ചിക്കന്‍ കുഴിമന്തി വെച്ചായിരുന്നു പോസ്റ്റര്‍ തയാറാക്കിയത്. ചേര്‍ത്തല സ്വദേശിയായ ബിജുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത കടയുടമയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
അതേസമയം പോസ്റ്റര്‍ തയാറാക്കിയെങ്കിലും ഇത് എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കടയുടമ പറയുന്നത്. ഒറ്റ തവണ മാത്രം വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നെന്നും വേറെ എവിടെയും പ്രചരിപ്പിച്ചിട്ടില്ലെന്നും പിന്നീട് ഇത് നീക്കം ചെയ്തതായും ഖേദം പ്രകടിപ്പിക്കുന്നതായും ഉടമ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.