നെയ്പിഡോ: മ്യാന്‍മറില്‍ നാലായിരത്തിലധികം തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഭരണകൂടം. പുതുവര്‍ഷാഘോഷങ്ങളോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നല്‍കിയത്. ഈ മാസം പ്രസിഡന്റായി അധികാരമേറ്റ സൈനിക മേധാവി മിന്‍ ഓങ് ഹ്ളെയിങിന്റെ ആദ്യത്തെ പ്രധാന ഔദ്യോഗിക നടപടികളിലൊന്നാണിത്.
2021 ലെ സൈനിക അട്ടിമറിയെത്തുടര്‍ന്ന് തടവിലാക്കപ്പെട്ട മുന്‍ പ്രസിഡന്റ് വിന്‍ മയിന്റിന് പൂര്‍ണ പൊതുമാപ്പ് നല്‍കി. മുന്‍ പ്രസിഡന്റിന് ഇനി സ്വതന്ത്രനായി പുറത്തിറങ്ങാം. ജയിലില്‍ കഴിയുന്ന മുന്‍ ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചിയുടെ ശിക്ഷാ കാലാവധിയില്‍ ആറിലൊന്ന് ഇളവ് നല്‍കി. നിലവില്‍ 27 വര്‍ഷത്തെ തടവ് ശിക്ഷയാണ് അവര്‍ അനുഭവിക്കുന്നത്. എന്നാല്‍ അവരെ വീട്ടുതടങ്കലിലേക്ക് മാറ്റുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല.
ആകെ 4335 തടവുകാര്‍ക്കാണ് ഇളവ് ലഭിച്ചത്. ഇതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ജയിലില്‍ കഴിയുന്ന 179 വിദേശ പൗരന്മാരെ മോചിപ്പിക്കുകയും അവരെ നാട് കടത്തുകയും ചെയ്യും. അട്ടിമറിക്ക് ശേഷം മുപ്പതിനായിരത്തിലധികം പേരെ രാഷ്ട്രീയ കാരണങ്ങളാല്‍ മ്യാന്‍മര്‍ തടവിലാക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. മുന്‍പ് നടന്ന പൊതുമാപ്പുകളില്‍ വളരെ കുറഞ്ഞ ശതമാനം രാഷ്ട്രീയ തടവുകാരെ മാത്രമാണ് മോചിപ്പിച്ചിരുന്നത്.
മ്യാന്‍മര്‍ ജനാധിപത്യ പാതയിലേക്ക് തിരിച്ചുവന്നുവെന്നും മികച്ച ഭാവിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും അധികാരമേറ്റ ശേഷം മിന്‍ ഓങ് ഹ്ളെയിങ് അവകാശപ്പെട്ടിരുന്നു. എങ്കിലും രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കണമെന്ന രാജ്യാന്തര സമ്മര്‍ദ്ദം മ്യാന്‍മറിന് മേല്‍ ശക്തമായി തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.