വാല്‍പ്പാറ ദുരന്തം: മരണ സഖ്യ ഒന്‍പതായി; നാല് പേരുടെ നില ഗുരുതരം

വാല്‍പ്പാറ ദുരന്തം: മരണ സഖ്യ ഒന്‍പതായി; നാല് പേരുടെ നില ഗുരുതരം

പൊള്ളാച്ചി: വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച മിനിവാന്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകാടത്തില്‍ മരണം ഒന്‍പത് ആയി. പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ മലപ്പുറം കോളത്തൂര്‍ പൊലീസ് പരിധിയില്‍ നിന്നും യാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട മിനിവാന്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടം നടന്ന ഉടന്‍ തന്നെ തമിഴ്നാട് പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. മിനിവാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് പുറപ്പെട്ട സംഘം രാത്രിയോടെ തിരിച്ചെത്താനിരിക്കെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തില്‍ വിറങ്ങലിച്ച് പാങ് ഗ്രാമം

സ്‌കൂള്‍ അവധിക്കാലത്ത് ഒത്തുചേരാനും സന്തോഷം പങ്കുവെക്കാനുമായി യാത്ര പുറപ്പെട്ട അധ്യാപക സംഘത്തെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മലപ്പുറം കോളത്തൂരില്‍ നിന്ന് യാത്ര തിരിച്ച സംഘം അതിരപ്പിള്ളി സന്ദര്‍ശിച്ച ശേഷമാണ് വാല്‍പ്പാറയിലേക്ക് പോയത്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്ന വഴിക്കാണ് അപകടം ഉണ്ടായത്.

ചെങ്ങോട്ടൂര്‍ സ്വദേശി മുഹമ്മദ് ഫാഹിസ് ഓടിച്ചിരുന്ന ട്രാവലറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. പാങ്ങ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകര്‍ക്ക് പുറമെ സ്‌കൂളിലെ ആയ, ബസ് ഡ്രൈവര്‍, ഇവരുടെ സുഹൃത്തുക്കളായ മറ്റ് അധ്യാപകര്‍, കുട്ടികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. യാത്രയ്ക്കിടെ അതിരപ്പിള്ളിയില്‍ വെച്ച് ഇവര്‍ പകര്‍ത്തിയ ഗ്രൂപ്പ് ഫോട്ടോ ഇപ്പോള്‍ നൊമ്പരമായി മാറുകയാണ്.

പത്തോളം അധ്യാപകര്‍ മാത്രം ജോലി ചെയ്യുന്ന പാങ്ങ് ജി.എല്‍.പി സ്‌കൂളിലെ പ്രിയപ്പെട്ടവരുടെ അപകട വാര്‍ത്ത ഗ്രാമത്തെ ഒന്നടങ്കം തളര്‍ത്തിയിരിക്കുകയാണ്. പരിക്കേറ്റ ഡ്രൈവറും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.