'ക്രിസ്ത്യന്‍ ഔട്ട്റീച്ച് ഫലമുണ്ടാക്കിയില്ല, ബിഡിജെഎസിനും ട്വന്റി 20 ക്കും വാരിക്കോരി സീറ്റ് നല്‍കി; കേരളത്തെ പരീക്ഷണ ശാലയാക്കി': ബിജെപിയില്‍ രൂക്ഷ വിമര്‍ശനം

'ക്രിസ്ത്യന്‍ ഔട്ട്റീച്ച് ഫലമുണ്ടാക്കിയില്ല, ബിഡിജെഎസിനും ട്വന്റി 20 ക്കും വാരിക്കോരി സീറ്റ് നല്‍കി; കേരളത്തെ പരീക്ഷണ ശാലയാക്കി': ബിജെപിയില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗങ്ങളില്‍ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രാദേശിക നേതാക്കള്‍.

ക്രിസ്ത്യന്‍ ഔട്ട്റീച്ച് നടത്തിയതിന്റെ യാതൊരു ഫലവും തിരഞ്ഞെടുപ്പിലുണ്ടായില്ലെന്ന് പ്രാദേശിക നേതാക്കള്‍ തുറന്നടിച്ചു. ട്വന്റി 20 ക്ക് 19 സീറ്റ് നല്‍കിയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണ്. കോര്‍പ്പറേറ്റ് കമ്പനികളെപ്പോലെ കോഡിനേറ്റര്‍മാരെ നിയമിക്കുകയും പിരിച്ചു വിടുകയും ചെയ്യുന്ന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ ബിജെപിക്ക് ചുമക്കേണ്ടി വന്നു.

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചോര കൊടുത്ത് പാര്‍ട്ടിയെ നിര്‍ണായക ശക്തിയാക്കിയ മണ്ഡലങ്ങള്‍ ആളില്ലാ പാര്‍ട്ടികള്‍ക്ക് നല്‍കിയത് പ്രവര്‍ത്തകരുടെ കരള്‍ പറിച്ചെടുക്കുന്നതിനു തുല്യമായ നടപടിയായെന്നും വിമര്‍ശനമുയര്‍ന്നു.

ഘടകകക്ഷികളായ ബിഡിജെഎസിനും ട്വന്റി 20ക്കും സീറ്റ് നല്‍കുന്നതില്‍ തീരുമാനമെടുത്തത് കേന്ദ്രമാണെന്നാണ് സംസ്ഥാന നേതാക്കള്‍ നല്‍കിയ വിശദീകരണം. സര്‍വേകളിലൂടെയാണ് കേന്ദ്രം ഈ തീരുമാനമെടുത്തതെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ ഇങ്ങനെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് കേരളത്തിന് യോജിച്ച രീതിയല്ലെന്നും ഓരോ തിരഞ്ഞെടുപ്പിലും കേരളത്തെ കേന്ദ്രം പരീക്ഷണ ശാലയായി കണക്കാക്കുകയാണെന്നും ചില നേതാക്കള്‍ വിമര്‍ശിച്ചു.

വോട്ടര്‍ പട്ടികയില്‍ പേരുള്ളയാളാണോ സ്ഥാനാര്‍ത്ഥിയെന്ന പ്രാഥമിക പരിശോധന പോലും നടത്താതിരിക്കുകയും അതുമൂലം സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടി വരികയും ചെയ്തത് നാണക്കേടായി. തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന ക്ഷമാപണത്തോടെയാണ് ഘടകകക്ഷി സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളില്‍ എത്തിയതെന്നും വിമര്‍ശനമുയര്‍ന്നു.

പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയുണ്ടോയെന്നു ചോദിച്ച് ട്വന്റി 20 നേതാക്കള്‍ നടക്കുകയായിരുന്നു. നേരത്തേ ബിജെപി ഒഴിവാക്കിയ ചിലര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥികളായി വന്നു. അവരില്‍ പലര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനമോ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമോ അറിയില്ലായിരുന്നുവെന്നും പ്രാദേശിക നേതാക്കള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.