തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്; എട്ട് പേരുടെ നില ഗുരുതരം

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്; എട്ട് പേരുടെ നില ഗുരുതരം

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഒരുക്കത്തിനിടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. നാല്‍പതോളം പേര്‍ക്ക് പൊള്ളലേറ്റു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമെന്നാണ് പ്രാഥമിക വിവരം. പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ നിര്‍മിക്കുന്നത്. മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്.

പൊട്ടിത്തെറിയില്‍ പൊള്ളലേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ടിനായി തയാറാക്കി വെച്ച അമിട്ടുകളും ഗുണ്ടുകളും ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വെടിക്കെട്ട് പുര പൂര്‍ണമായും തകര്‍ന്നു വീണു. രണ്ട് വലിയ പൊട്ടിത്തെറികള്‍ ഉണ്ടായെന്നും കിലോ മീറ്ററുകള്‍ ദൂരേക്ക് സ്‌ഫോടനത്തിന്റെ മുഴക്കം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

സംഭവസ്ഥലത്ത് അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്തി. പരിസര പ്രദേശങ്ങളില്‍ ഇനിയും സ്‌ഫോടന സാധ്യതയുണ്ടോ എന്ന് വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്.

ഈ മാസം നടക്കാനിരിക്കുന്ന തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുമ്പോഴാണ് അപകടം. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളില്‍ വന്ന വീഴ്ചയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.