സഭയ്ക്ക് എട്ട് യുവവൈദികരെ സമർപ്പിക്കാൻ ലിയോ പാപ്പ; വത്തിക്കാനിൽ നാളെ തിരുപ്പട്ട ശുശ്രൂഷ

സഭയ്ക്ക് എട്ട് യുവവൈദികരെ സമർപ്പിക്കാൻ ലിയോ പാപ്പ; വത്തിക്കാനിൽ നാളെ തിരുപ്പട്ട ശുശ്രൂഷ

റോം: ലോക ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനമായ ഏപ്രിൽ 26 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെച്ച് ലിയോ പതിനാലാമൻ മാർപാപ്പ എട്ട് ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകും.സഭയുടെ ആത്മീയ ചൈതന്യം വിളിച്ചോതുന്ന ഈ ചടങ്ങിൽ കര്‍ദിനാളുമാരും മെത്രാപ്പോലീത്താന്‍മാരും അടക്കം നൂറുകണക്കിന് വൈദികരും വിശ്വാസികളും സാക്ഷികളാകും.

1964 ൽ പോൾ ആറാമൻ മാർപാപ്പ വിഭാവനം ചെയ്ത 'ലോക ദൈവവിളി ദിന'ത്തിൽ തന്നെ ഈ ചടങ്ങ് നടക്കുന്നുവെന്നത് ഏറെ പ്രത്യേകതയുള്ളതാണ്. ലോകമെമ്പാടുമുള്ള യുവാക്കളെ പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കും ആകർഷിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലിയോ പാപ്പ 11 പേർക്ക് തിരുപ്പട്ടം നൽകിയിരുന്നു.

തിരുപ്പട്ട സ്വീകരണത്തിന് മുന്നോടിയായി ഇന്ന് രാത്രി സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ പ്രത്യേക ജാഗരണ പ്രാർത്ഥന നടക്കും. വൈദികർക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്റ്റ് കർദിനാൾ ലസാരോ യു ഹ്യൂങ് സിക്, റോം രൂപത വികാരി ജനറൽ കർദിനാൾ ബാൽഡോ റെയ്‌ന എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

വൈദികർക്കും സമർപ്പിതർക്കുമായുള്ള തിരുസംഘം, റോം രൂപത, ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രാർത്ഥന നടക്കുന്നത്. ദൈവവചന വായന, വചന വിചിന്തനം, വിശ്വാസികളുടെ സാക്ഷ്യങ്ങൾ, ആരാധന എന്നിവ ജാഗരണ പ്രാർത്ഥനയുടെ ഭാഗമായി ഉണ്ടായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.