കേരളത്തില്‍ വീണ്ടും പാമ്പ് കടിയേറ്റ് മരണം; കണ്ണൂരില്‍ ചികിത്സയിലിരുന്ന എഴുപതുകാരി മരിച്ചു

കേരളത്തില്‍ വീണ്ടും പാമ്പ് കടിയേറ്റ് മരണം; കണ്ണൂരില്‍ ചികിത്സയിലിരുന്ന എഴുപതുകാരി മരിച്ചു

കണ്ണൂര്‍: കേരളത്തില്‍ പാമ്പ് കടിയേറ്റ് വീണ്ടും മരണം. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവത്ത് വീട്ടില്‍ നബീസ (70) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ആന്റിവെനം നല്‍കി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ശംഖുവരയന്‍ പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി.

അതേസമയം എറണാകുളം ചെറായിയിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ കോയമ്പത്തൂര്‍ സ്വദേശി ശര്‍മിളയ്ക്ക് പാമ്പ് കടിയേറ്റു. കാലിന്റെ വിരലിനാണ് കടിയേറ്റത്. ഇവരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മഞ്ഞലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രാമന്‍കുളങ്ങരയില്‍ പരിസരം വൃത്തിയാക്കുന്നതിനിടെ സുദേവന്‍ എന്നയാള്‍ക്ക് പാമ്പ് കടിയേറ്റു. ഇദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുദേവന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പാമ്പ് കടിയേറ്റാല്‍ പരിഭ്രാന്തരാകാതെ ശാസ്ത്രീയമായ ചികിത്സ തേടുകയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. പേടിച്ചാല്‍ ഹൃദയമിടിപ്പ് കൂടുകയും വിഷം വേഗത്തില്‍ ശരീരത്തില്‍ പടരുകയും ചെയ്യും. കടിയേറ്റ ഭാഗം ഒട്ടും അനക്കാതെ സൂക്ഷിക്കണം.

ആന്റിവെനം സൗകര്യമുള്ള ആശുപത്രിയില്‍ എത്രയും വേഗം രോഗിയെ എത്തിക്കണം. കടിയേറ്റ ഭാഗത്ത് ഐസോ മഞ്ഞളോ വയ്ക്കാനോ മുറിവ് കഴുകാനോ ശ്രമിക്കരുത്. പാമ്പ് കടിയുടെ ലക്ഷണങ്ങള്‍ കണ്ടാലോ പാമ്പിനെ കണ്ട് ഉറപ്പാക്കിയാലോ ഡോക്ടര്‍മാര്‍ ആന്റിവെനം നല്‍കും. മുറിവ് ആഴ്ന്നിറങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കും. രക്തസ്രാവം, കാഴ്ചക്കുറവ്, ഉമിനീര്‍ ഇറക്കാന്‍ പ്രയാസം തുടങ്ങിയവ വിഷബാധയുടെ ലക്ഷണങ്ങളാണ്.

രക്തം കട്ടപിടിക്കാന്‍ എടുക്കുന്ന സമയം പരിശോധിച്ച ശേഷമാണ് പ്രധാനമായും ചികിത്സ നിശ്ചയിക്കുന്നത്. പാമ്പ് വിഷത്തിനുള്ള ഏക മരുന്ന് ആന്റിവെനം മാത്രമാണ്. ചൂട് കൂടുമ്പോള്‍ പാമ്പുകള്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണമെന്നും രാത്രികാലങ്ങളില്‍ വെളിച്ചമില്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.