അബുദാബി: എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയില്‍ നിന്ന് പിന്മാറി യുഎഇ. മെയ് ഒന്ന് മുതല്‍ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു സുപ്രധാന തീരുമാനമെടുത്തതെന്ന് യുഎഇ വ്യക്തമാക്കി.
ഒപെക്കില്‍ നിന്ന് പിന്മാറാനുള്ള യുഎഇയുടെ തീരുമാനം നയപരമായ വികാസങ്ങളും വിപണിയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങളും കണക്കിലെടുത്താണ്. വര്‍ഷങ്ങളായി തങ്ങളോട് സഹകരിച്ച ഒപെക്കും അംഗ രാജ്യങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും യുഎഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്‌റൂയി പറഞ്ഞു.
ഒപെക് രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു സ്ഥാപക അംഗ രാജ്യം എന്ന നിലയില്‍ യുഎഇയുടെ ഈ തീരുമാനം ആഗോള ഊര്‍ജ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയില്‍ ഇറാന്റെ ഇടപെടലുകളെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ആഗോള എണ്ണ വിതരണത്തിലുണ്ടായ തടസങ്ങളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും പ്രകൃതി വാതകവും കടന്ന് പോകുന്ന ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകള്‍ എണ്ണ വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്. വിപണിയിലെ ഈ അസ്ഥിരതയ്ക്കിടയില്‍ ഒപെക്കിന്റെ ഏകോപനം ദുര്‍ബലപ്പെടുന്നത് എണ്ണ വിതരണ ശൃംഖലയെ കൂടുതല്‍ ബാധിക്കും. ഒപെക്കിന്റെ യഥാര്‍ത്ഥ നേതാവായി കണക്കാക്കപ്പെടുന്ന സൗദി അറേബ്യയ്ക്ക് യുഎഇയുടെ പിന്മാറ്റം വലിയൊരു തിരിച്ചടിയാണ്. സഖ്യത്തിന്റെ കരുത്ത് കുറയ്ക്കാനും ഇത് ഇടയാക്കും.
2019 ല്‍ ഖത്തറും ഒപെക്കില്‍ നിന്ന് പിന്മാറിയിരുന്നു. നിലവില്‍ ഒമാന്‍, ബഹ്‌റിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമല്ല. അതേസമയം യുഎഇയുടെ പിന്മാറ്റം ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള രാഷ്ട്രീയവും സൈനികവുമായ ഐക്യം ദുര്‍ബലമാക്കാന്‍ ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.