സൗദി അറേബ്യയില്‍ വീണ്ടും ഹൂതി ആക്രമണം; പ്രവാസികള്‍ക്കടക്കം പതിനൊന്ന് പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ വീണ്ടും ഹൂതി ആക്രമണം; പ്രവാസികള്‍ക്കടക്കം പതിനൊന്ന് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി വീണ്ടും ഹൂതികളുടെ ആക്രമണം. നജ്‌റാനില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ പ്രവാസികളടക്കം പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയും നാല് വയസുകാരനുമുള്‍പ്പെടെ ഏഴ് സൗദി പൗരന്മാര്‍ക്കും രണ്ട് ഈജിപ്ത് സ്വദേശികള്‍ക്കും ഒരു പാകിസ്ഥാനിക്കും ഒരു യെമനിക്കുമാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ സഹകരണത്തോടെ ഹൂതികളും ഇറാഖിലെ ഇറാന്‍ അനുകൂല സംഘടനകളും ചേര്‍ന്ന് സൗദി അറേബ്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്.

ഇതിനിടെ യെമനിലെ ഹദ്റമൗത്, മാരിബ് മേഖലകളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 17 യെമനി സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയുധക്കടത്ത് തടയുന്ന സേനാവിഭാഗത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

ഒരു ദശാബ്ദത്തിലേറെയായി സൗദി അറേബ്യയും ഹൂതികളും യെമന്റെ നിയന്ത്രണത്തിനായി പരസ്പരം പോരാടുകയാണ്. കഴിഞ്ഞ ഒരു മാസമായി സൗദി അരാംകോ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം കടുപ്പിക്കുകയും ചെയ്തു. യെമന്റെ തലസ്ഥാനമായ സനയും ചെങ്കടല്‍ തീരപ്രദേശത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതി പ്രസ്ഥാനം കഴിഞ്ഞ മാസം ചെങ്കടലില്‍ സൗദി അറേബ്യയ്ക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.