വോട്ടെണ്ണലിന് തൊട്ടുമുന്‍പ് പോസ്റ്റല്‍ വോട്ട് ചെയ്യാനാകില്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി

വോട്ടെണ്ണലിന് തൊട്ടുമുന്‍പ് പോസ്റ്റല്‍ വോട്ട് ചെയ്യാനാകില്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി തരണമെന്നുമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. വോട്ടെണ്ണലിന് തൊട്ടുമുന്‍പായി ഇനി വോട്ട് ചെയ്യാനാകില്ല. വോട്ടവകാശം നിഷേധിച്ചെന്ന് പരാതിയുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയുണ്ടായിരുന്ന ഇരുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണല്‍ ദിവസം രാവിലെ വരെ പോസ്റ്റല്‍ വോട്ട് ചെയ്യാനും അത് വരണാധികാരിയെ ഏല്‍പ്പിക്കാനും അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ എതിര്‍ത്തു.

പോസ്റ്റല്‍ വോട്ടിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നതായും ആ സംവിധാനത്തിലൂടെ മാത്രമേ വോട്ട് ചെയ്യാനാവുകയുള്ളൂ എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞത്. വോട്ട് എണ്ണുന്നത് വരെ വോട്ട് ചെയ്യാന്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കേ അവകാശമുള്ളൂവെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഇനി പോസ്റ്റല്‍ വോട്ട് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.