മാലിന്യക്കുട്ടയിലല്ല, വിശക്കുന്നവന്റെ വയറിലാണ് ഭക്ഷണം എത്തേണ്ടത്; മെയ് മാസത്തെ മാർപാപ്പയുടെ പ്രാർഥനാ നിയോഗം

മാലിന്യക്കുട്ടയിലല്ല, വിശക്കുന്നവന്റെ വയറിലാണ് ഭക്ഷണം എത്തേണ്ടത്; മെയ് മാസത്തെ മാർപാപ്പയുടെ പ്രാർഥനാ നിയോഗം

വത്തിക്കാൻ സിറ്റി: ലോകത്ത് പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കായി മെയ് മാസം പ്രാർത്ഥനാപൂർവ്വം മാറ്റിവെക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ‘ഏവർക്കും ഭക്ഷണം’ എന്ന ലക്ഷ്യം മുൻനിർത്തിയാണ് പാപ്പയുടെ ഇത്തവണത്തെ പ്രാർത്ഥനാ നിയോഗം. വ്യാഴാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് ആഗോള സഭാതലവൻ തന്റെ സന്ദേശം വിശ്വാസികളെ അറിയിച്ചത്.

ഭൂമിയിലെ വിഭവങ്ങൾ എല്ലാവർക്കുമായി തുല്യമായി വിതരണം ചെയ്യപ്പെടണമെന്നും പങ്കുവെക്കലിന്റെ മനോഭാവം വളർത്തിയെടുക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ദൈവം നൽകിയ വിഭവങ്ങളെ ഉത്തരവാദിത്തത്തോടും കൃതജ്ഞതയോടും കൂടി കാണണം. സമൃദ്ധിയുടെ നടുവിൽ കഴിയുന്നവർക്ക് ഭക്ഷണത്തോടുള്ള മനോഭാവത്തിൽ മാറ്റം വരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഭക്ഷണമേശകളിൽ നിന്ന് വൻതോതിൽ ഭക്ഷണം വലിച്ചെറിയപ്പെടുന്ന പ്രവണതയെ പാപ്പ രൂക്ഷമായി വിമർശിച്ചു. "നമ്മുടെ ഭക്ഷണ മേശകളിൽ നിന്ന് ഭക്ഷണം പാഴാക്കപ്പെടുമ്പോൾ, മറുവശത്ത് ലക്ഷക്കണക്കിന് സഹോദരങ്ങൾ വിശപ്പടക്കാൻ കഴിയാതെ മരിക്കുകയാണ്. നമുക്ക് ലഭിക്കുന്ന ഓരോ ഭക്ഷണ പദാർത്ഥത്തിനും ദൈവത്തോട് നന്ദി പറയാൻ നാം ശീലിക്കണം" - പാപ്പ സന്ദേശത്തിൽ പറഞ്ഞു.

സ്വാർത്ഥപരമായ ഉപഭോഗ സംസ്കാരത്തിൽ നിന്ന് ഐക്യദാർഢ്യത്തിന്റെ സംസ്കാരത്തിലേക്ക് മാറാൻ നാം തയ്യാറാകണം. ഭക്ഷണ വിതരണം ലളിതമാക്കാനും പട്ടിണി നിർമ്മാർജനത്തിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും പാപ്പ നിർദേശിച്ചു. ഭൂമിയിലെ ഫലങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന തിരിച്ചറിവ് നമ്മളിൽ പുതിയൊരു മനസാക്ഷിയുണർത്തണമെന്നും അദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ലോകത്തിന്റെ ജീവനായി മുറിക്കപ്പെട്ട അപ്പമായ യേശുവിനെ മുൻനിർത്തി നീതിക്കും സാഹോദര്യത്തിനും വേണ്ടി ദാഹിക്കുന്ന ഒരു പുതുഹൃദയത്തിനായി പ്രാർത്ഥിച്ചുകൊണ്ടാണ് പാപ്പ വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.