'പശ്ചിമേഷ്യയില്‍ ഇനിയും സൈനിക നീക്കമുണ്ടായാല്‍ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ദോഷം': ട്രംപിന് പുടിന്റെ മുന്നറിയിപ്പ്

'പശ്ചിമേഷ്യയില്‍ ഇനിയും സൈനിക നീക്കമുണ്ടായാല്‍ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ദോഷം': ട്രംപിന് പുടിന്റെ മുന്നറിയിപ്പ്

ഉക്രെയ്‌നില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തയ്യാറാണെന്ന് പുടിന്‍.

മോസ്‌കോ: ഇറാനോ അയല്‍ രാജ്യങ്ങള്‍ക്കോ എതിരെ അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക നടപടി സ്വീകരിച്ചാല്‍ അത് അന്താരാഷ്ട്ര സമൂഹത്തിന് തന്നെ വലിയ ദോഷമുണ്ടാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മുന്നറിയിപ്പ്.

ഇത്തരം നീക്കങ്ങള്‍ ഒഴിവാക്കണമെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും തൊണ്ണൂറ് മിനിട്ട് നീണ്ട ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി ക്രെംലിന്‍ പ്രതിനിധി യൂറി ഉസക്കോവ് പറഞ്ഞു.

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത പുടിന്‍ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്ന ഈ നീക്കം മേഖലയിലെ സാഹചര്യം സുസ്ഥിരമാക്കാന്‍ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്ക് റഷ്യയുടെ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്‌തെന്നും ക്രെംലിന്‍ അറിയിച്ചു.

അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. യുദ്ധഭൂമിയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് ട്രംപ് ചോദിച്ചറിഞ്ഞപ്പോള്‍, റഷ്യന്‍ സൈന്യം തന്ത്രപരമായ മുന്നേറ്റം നടത്തുകയാണെന്ന് പുടിന്‍ മറുപടി നല്‍കി. ഉക്രെയ്ന്‍ ഭരണകൂടം യുദ്ധം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയാണെന്ന കാര്യത്തില്‍ ഇരു നേതാക്കളും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചതെന്ന് ക്രെംലിന്‍ അവകാശപ്പെട്ടു.

മെയ് ഒമ്പതിന് നടക്കുന്ന റഷ്യയുടെ വിജയദിന ആഘോഷങ്ങളോട് അനുബന്ധിച്ച് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തയ്യാറാണെന്ന് പുടിന്‍ അറിയിച്ചു. ഈ നിര്‍ദേശത്തെ ട്രംപ് പിന്തുണച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായാണ് റഷ്യ വിജയദിനം ആഘോഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.