അത് ഗർഭച്ഛിദ്രമല്ല, പച്ചയായ കൊലപാതകം; 30 ആഴ്ചയായ ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ സുപ്രീം കോടതിക്കെതിരെ സിബിസിഐ

അത് ഗർഭച്ഛിദ്രമല്ല, പച്ചയായ കൊലപാതകം; 30 ആഴ്ചയായ ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ സുപ്രീം കോടതിക്കെതിരെ സിബിസിഐ

ന്യൂഡൽഹി: 30 ആഴ്ച പ്രായമെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിയിൽ കടുത്ത പ്രതിഷേധവുമായി കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് പച്ചയായ കൊലപാതകവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്ന് സഭ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും സഭ ആവശ്യപ്പെട്ടു.

ഗർഭച്ഛിദ്ര നടപടികളുമായി ഡോക്ടർമാർ സഹകരിക്കരുത്. എയിംസിലെയും രാജ്യത്തെ മറ്റ് ആശുപത്രികളിലെയും ആരോഗ്യ പ്രവർത്തകർ ഈ പ്രക്രിയയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് സഭ അഭ്യർഥിച്ചു. പ്രായപൂർത്തിയാകാത്ത മാതാപിതാക്കൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും സഭയുടെ കീഴിലുള്ള ആശുപത്രികൾ, ശിശുസംരക്ഷണ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവ വഴി സംരക്ഷണം നൽകാൻ തയ്യാറാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി. വിഷയത്തിൽ സർക്കാരും കോടതിയും അടിയന്തരമായി ഇടപെടണമെന്നാണ് സി.ബി.സി.ഐയുടെ ആവശ്യം.

ബലാത്സംഗത്തെ അതിജീവിച്ച യുവതിയുടെ 30 ആഴ്ച പ്രായമായ ഗർഭം നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നിലവിലെ നിയമമനുസരിച്ച് 20 ആഴ്ച വരെയാണ് ഗർഭച്ഛിദ്രത്തിന് അനുമതിയുള്ളത്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ ഇതിനു ശേഷവും അനുമതി നൽകുന്ന രീതിയിൽ നിയമങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു.

ഗർഭസ്ഥ ശിശുവിന് ഇത്രയധികം വളർച്ചയെത്തിയ ഘട്ടത്തിൽ ഗർഭച്ഛിദ്രം നടത്തുന്നത് അമ്മയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും വൈകല്യങ്ങൾക്ക് കാരണമായേക്കാമെന്നും എയിംസിലെ മെഡിക്കൽ ബോർഡ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ ഒരു സ്ത്രീയുടെ മേൽ ആഗ്രഹിക്കാത്ത ഗർഭധാരണം അടിച്ചേൽപ്പിക്കാനാവില്ലെന്ന കർശന നിലപാടാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിച്ചത്. ഈ നിലപാടിനെയാണ് സഭ ഇപ്പോൾ പരസ്യമായി ചോദ്യം ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.