ജെറുസലേമിൽ കന്യാസ്ത്രീക്ക് നേരെ വംശീയ ആക്രമണം; മുഖത്തിന് പരിക്ക്; ഇസ്രയേലി സ്വദേശി പിടിയിൽ

ജെറുസലേമിൽ കന്യാസ്ത്രീക്ക് നേരെ വംശീയ ആക്രമണം; മുഖത്തിന് പരിക്ക്; ഇസ്രയേലി സ്വദേശി പിടിയിൽ

ജെറുസലേം: ലോകത്തിന്റെ പുണ്യഭൂമിയായ ജെറുസലേമിൽ വീണ്ടും മതവിദ്വേഷം പടരുന്നു. കിഴക്കൻ ജെറുസലേമിലെ പ്രശസ്തമായ ഫ്രഞ്ച് ബൈബിൾ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീയെ ഇസ്രയേലി സ്വദേശി ക്രൂരമായി മർദിച്ചു. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് കന്യാസ്ത്രീക്ക് നേരെ ആക്രമണമുണ്ടായത്. മർദനത്തിൽ അവരുടെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നിലയിലുള്ള കന്യാസ്ത്രീയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്. അക്രമിയെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.

ലോകമെമ്പാടും നിന്നുള്ള നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും കിഴക്കൻ ജെറുസലേമിലെ വിവിധ ക്രിസ്ത്യൻ സ്ഥാപനങ്ങളിലും പള്ളികളിലും സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവർക്ക് നേരെയുള്ള ആക്രമണങ്ങൾ സമീപകാലത്ത് വർധിച്ചു വരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്. വിശ്വാസപരമായ കേന്ദ്രങ്ങളെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വംശീയമായ ചേരിതിരിവ് വർധിപ്പിക്കുന്നു.

സാധാരണക്കാരെയും ആത്മീയ പ്രവർത്തകരെയും ലക്ഷ്യമിട്ട് ഇസ്രയേലി സൈന്യവും കോളനി വാസികളും നടത്തുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിതെന്ന് മനുഷ്യാവകാശ സംഘടനയായ അൽ-ബൈദർ ഓർഗനൈസേഷൻ വ്യക്തമാക്കി. ആത്മീയ സേവനത്തിനായി എത്തുന്നവർക്ക് പോലും സുരക്ഷയില്ലാത്ത വിധം ജെറുസലേമിലെ തെരുവുകൾ വംശീയ വിദ്വേഷത്തിന്റെ കേന്ദ്രങ്ങളായി മാറുന്നതിനെതിരെ കത്തോലിക്കാ സഭയും വിവിധ അന്താരാഷ്ട്ര സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.