ഉപാധികളില്ലാതെ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണം; ഇറാനെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎഇ

ഉപാധികളില്ലാതെ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കണം; ഇറാനെതിരെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎഇ

ദുബായ്: ഹോര്‍മുസ് കടലിടുക്ക് ഉപാധികളില്ലാതെ ഉടന്‍ തുറക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ യുഎഇ. അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തില്‍ നിയമവിരുദ്ധമായി ഇടപെടുന്ന ഇറാന്റെ നടപടികള്‍ക്കെതിരെ ആഗോളതലത്തില്‍ കര്‍ശനമായ ഇടപെടല്‍ ഉണ്ടാകണമെന്നും യുഎഇ ആഹ്വാനം ചെയ്തു.

ബഹ്‌റിന്റെ അധ്യക്ഷതയില്‍ സമുദ്ര സുരക്ഷയെക്കുറിച്ച് നടന്ന ഉന്നതതല ചര്‍ച്ചയില്‍ യുഎഇ വിദേശകാര്യ സഹമന്ത്രി ശൈഖ് ഖലീഫ ഷഹീന്‍ അല്‍ മറാറാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര കപ്പല്‍ പാതകളുടെയും ആഗോള വ്യാപാരത്തിന്റെയും സുരക്ഷയ്ക്ക് ഇറാന്റെ നടപടികള്‍ ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സമുദ്ര ഗതാഗതം തടസപ്പെടുത്തുന്ന ഇറാന്റെ ശ്രമങ്ങളെ അപലപിക്കുന്ന സുരക്ഷാ കൗണ്‍സില്‍ പ്രമേയം അദേഹം യോഗത്തില്‍ ചൂണ്ടിക്കാട്ടി.

ഹോര്‍മുസ് കടലിടുക്കിനെ രാഷ്ട്രീയ സമ്മര്‍ദത്തിനുള്ള ആയുധമായി ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ആഗോള സുസ്ഥിരതയെയും വ്യാപാരത്തെയും തകര്‍ക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി. കപ്പലുകള്‍ക്ക് നിയമവിരുദ്ധമായി ഫീസ് ഏര്‍പ്പെടുത്തുന്നതും മൈനുകള്‍ വിന്യസിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദേഹം പറഞ്ഞു.

ഇറാന്റെ നടപടികള്‍ മൂലം സമുദ്ര പരിസ്ഥിതിക്കും മറ്റും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും യുഎഇ ആവശ്യപ്പെട്ടു. കടലിടുക്ക് അടച്ചിടുന്നത് ഊര്‍ജ സുരക്ഷയെയും ആഗോള വിതരണ ശൃംഖലയെയും ബാധിക്കും. ചര്‍ച്ചയ്ക്ക് മുന്നോടിയായി ബഹറിന്‍ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ 90 ല്‍ അധികം രാജ്യങ്ങള്‍ ഇറാനെതിരെ ഏകകണ്ഠമായ നിലപാട് സ്വീകരിച്ചു. നിയമവിരുദ്ധമായ നടപടികള്‍ അവസാനിപ്പിച്ച് കപ്പല്‍ ഗതാഗതം സുഗമമാക്കാന്‍ ഇറാന്‍ തയ്യാറാകണമെന്ന് ഈ രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.