ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി മൊബൈല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. രാജ്യത്തെ കോടികണക്കിന് മൊബൈലുകളില്‍ ഒരേ സമയം ഇത് സംബന്ധിച്ച അലര്‍ട്ടുകള്‍ ലഭിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്നാണ് പദ്ധതി ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്തത്. മൊബൈല്‍ ഫോണില്‍ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശം എത്തിയത്. പ്രകൃതി ദുരന്തങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് അതിവേഗം മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനത്തിന്റെ ഭാഗമായിട്ടാണ് ട്രയല്‍.
കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ സി-ഡോട്ട് വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്ഫോമാണ് സചേത്. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ നിര്‍ദേശിച്ച കോമണ്‍ അലര്‍ട്ടിങ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്. പ്രകൃതിക്ഷോഭങ്ങള്‍, കാലാവസ്ഥാ മുന്നറിയിപ്പുകള്‍, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് തത്സമയം വിവരം നല്‍കാന്‍ ഇതിലൂടെ സാധിക്കും.
സാധാരണ എസ്എംഎസ് സന്ദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ ഫോണ്‍ സൈലന്റ് മോഡിലോ, ഡു നോട്ട് ഡിസ്റ്റര്‍ബ് മോഡിലോ ആണെങ്കില്‍ പോലും ഈ മുന്നറിയിപ്പ് എത്തുമ്പോള്‍ ഫോണ്‍ ഉച്ചത്തില്‍ ശബ്ദിക്കുകയും സ്‌ക്രീനില്‍ സന്ദേശം തെളിയുകയും ചെയ്യും. 19 ലേറെ ഇന്ത്യന്‍ ഭാഷകളില്‍ ഈ സന്ദേശങ്ങള്‍ ലഭ്യമാണ്. ഇതുവരെ വിവിധ ദുരന്തനിവാരണ അതോറിറ്റികള്‍ വഴി 1,340 കോടിയിലേറെ ജാഗ്രതാ സന്ദേശങ്ങള്‍ ഈ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.