ടെക്സസ് : അമേരിക്കയെ പിടിച്ചുകുലുക്കിയ ഗാർലൻഡ് ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ജെയിംസ് ബ്രോഡ്‌നാക്‌സിന്റെ (37) വധശിക്ഷ നടപ്പിലാക്കി. ഏപ്രിൽ 30 വ്യാഴാഴ്ച രാത്രി ഹണ്ട്സ്‌വിൽ ജയിലിൽ വെച്ച് മാരകമായ വിഷമിശ്രിതം കുത്തിവെച്ചായിരുന്നു ശിക്ഷാ നടപടികൾ പൂർത്തിയാക്കിയത്. രാത്രി 6.47 ന് അദേഹം മരണപ്പെട്ടതായി ജയിൽ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2008 ജൂൺ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. ഗാർലൻഡിലെ ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയ്ക്ക് പുറത്തു വെച്ച് മാത്യു ബട്ട്‌ലർ, സ്റ്റീഫൻ സ്വാൻ എന്നീ യുവാക്കളെ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ വെടിവെച്ചു കൊലപ്പെടുത്തിയെന്നതാണ് ബ്രോഡ്‌നാക്‌സിന് മേൽ ചുമത്തപ്പെട്ട കുറ്റം. അറസ്റ്റിലായ സമയത്ത് മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റം സമ്മതിച്ച അദേഹം അന്ന് ഇരകളുടെ കുടുംബങ്ങളോട് യാതൊരുവിധ അനുതാപവും പ്രകടിപ്പിച്ചിരുന്നില്ല.
കൊലപാതകം നടത്തിയത് താനാണെന്ന് വെളിപ്പെടുത്തി ബ്രോഡ്‌നാക്‌സിന്റെ കസിൻ ഡെമാരിയസ് കമ്മിംഗ്സ് രംഗത്തെത്തി. കൊലയ്ക്കുപയോഗിച്ച തോക്കിലും ഇരകളുടെ വസ്ത്രങ്ങളിലും കമ്മിംഗ്‌സിന്റെ ഡിഎൻഎ ആണ് കണ്ടെത്തിയതെന്നും ബ്രോഡ്‌നാക്‌സിന്റേതല്ലെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. ജൂറി തെരഞ്ഞെടുപ്പിൽ വംശീയ വിവേചനം നടന്നതായും അഭിഭാഷകർ ആരോപണമുന്നയിച്ചു.
എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. പ്രതി മുൻപ് നടത്തിയ കുറ്റസമ്മതവും മറ്റ് സാഹചര്യത്തെളിവുകളും കണക്കിലെടുത്ത് സുപ്രീം കോടതിയും ടെക്സസ് അപ്പീൽ കോടതിയും വധശിക്ഷ തടയാൻ വിസമ്മതിക്കുകയായിരുന്നു.
മരണത്തിന് മുൻപുള്ള തന്റെ അവസാന പ്രസ്താവനയിലും താൻ നിരപരാധിയാണെന്ന് ബ്രോഡ്‌നാക്‌സ് ആവർത്തിച്ചു. "ഞാൻ നിരപരാധിയാണ്, ടെക്സസിന് തെറ്റുപറ്റി. എന്റെ കേസിലെ വസ്തുതകൾ ഭാവിയിൽ അത് തെളിയിക്കും," അദേഹം പറഞ്ഞു. പതിനേഴ് വർഷത്തിലേറെ ജയിൽ ശിക്ഷ അനുഭവിച്ച ബ്രോഡ്‌നാക്‌സ് വധശിക്ഷ നടപ്പാക്കുന്നതിന് രണ്ടാഴ്ച മുൻപ് മാത്രമാണ് വിവാഹിതനായത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.