വാഷിങ്ടണ്‍: ജര്‍മ്മനിയില്‍ നിന്ന് 5000 യുഎസ് സൈനികരെ തിരികെ വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ യുദ്ധത്തില്‍ നാറ്റോയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ട്രംപിന്റെ നീക്കം.
ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ഇറാനെതിരായ അമേരിക്കയുടെ നീക്കത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് ട്രംപ് സൈനികരെ തിരികെ വിളിച്ചത്. നാറ്റോ സഖ്യത്തിന്റെ ഭാഗമായ യൂറോപ്പിലെ ഏറ്റവും വലിയ യു.എസ് സൈനിക കേന്ദ്രമാണ് ജര്‍മ്മനി. 36000 ല്‍ അധികം യു.എസ് സൈനികരാണ് ജര്‍മ്മനിയില്‍ ഉള്ളത്.
ട്രംപിന്റെ തീരുമാനം നാറ്റോ സഖ്യവുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. നേരത്തെ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായിക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഭാഗമാകാനില്ലെന്ന നിലപാടാണ് നാറ്റോ രാജ്യങ്ങള്‍ സ്വീകരിച്ചത്.
യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ യു.എസ് എന്ത് തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന ജര്‍മ്മന്‍ ചാന്‍സലര്‍ മെഴ്സിന്റെ വിമര്‍ശനവും ട്രംപിനെ പ്രകോപിതനാക്കിയിരുന്നു. ഇറാനുളള സ്വാധീനം പലരും കുറച്ചുകാണുകയായിരുന്നെന്നും ഇറാനികള്‍ നമ്മള്‍ കരുതിയതിനേക്കാള്‍ ശക്തരാണെന്നും നിലവിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും അവര്‍ വളരെ സമര്‍ഥമായാണ് ചര്‍ച്ചകള്‍ കൈകാര്യം ചെയ്യുന്നതെന്നും മെഴ്സ് അഭിപ്രായപ്പെട്ടിരുന്നു. ഇതും ട്രംപിനെ പ്രകോപിപ്പിച്ചതായാണ് വിവരം.
അതേസമയം ജര്‍മ്മനിയിലും യൂറോപ്പിലും ആകെയുള്ള യു.എസ് സൈനിക സാന്നിധ്യം യുഎസിന്റെയും യൂറോപ്പിന്റെയും താല്‍പര്യങ്ങളുടെ ഭാഗമാണെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു. യൂറോപ്പില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിക്കുമെന്നത് തങ്ങള്‍ മുന്‍കൂട്ടി കണ്ട കാര്യമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.