കൊച്ചി: കൂത്താട്ടുകുളം സി.പി.എമ്മില്‍ കൂട്ടരാജി. പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തില്‍ 53 പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നു. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും സി.പി.ഐയിലേക്ക് എത്തിയത് സി.പി.എമ്മിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. സി.പി.ഐയില്‍ ചേര്‍ന്ന പ്രമുഖരില്‍ മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബ്, പാലക്കുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എ ജയ, മുന്‍ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു എന്നിവരും ഉള്‍പ്പെടും.
കൂടാതെ ഇവര്‍ക്കൊപ്പം നിരവധി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും സി.പി.ഐ അംഗത്വം സ്വീകരിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷ്റഫ്, മുന്‍ എം.എല്‍.എമാരായ ബാബു പോള്‍, എല്‍ദോ എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാലക്കുഴയില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളെല്ലാം പരാജയപ്പെട്ടപ്പോള്‍ ഷാജു ജേക്കബ് മാത്രമാണ് വിജയിച്ചത്. പാര്‍ട്ടിയുടെ പരാജയത്തിന് കാരണം ഷാജുവാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഇദേഹത്തെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ലോക്കല്‍ ഏരിയ സെക്രട്ടറിമാരുടെ ഏകാധിപത്യപരമായ നിലപാടുകളാണ് പാര്‍ട്ടിയെ തകര്‍ത്തതെന്നാണ് പുറത്ത് പോയവരുടെ ആരോപണം.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് സി.പി.ഐയില്‍ എത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.