വ്യാപാര കരാര്‍ ലംഘിച്ചു: യുറോപ്യന്‍ യൂണിയന് 25 ശതമാനം തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വ്യാപാര കരാര്‍ ലംഘിച്ചു: യുറോപ്യന്‍ യൂണിയന് 25 ശതമാനം തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: വ്യാപാര കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് യുറോപ്യന്‍ യൂണിയനുമേല്‍ അധിക തീരുവ ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാറുകള്‍ക്കും ട്രക്കുകള്‍ക്കും 25 ശതമാനം തീരുവയാണ് ചുമത്തിയത്. യുറോപ്യന്‍ യുണിയന്‍ അംഗീകരിച്ച വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് യു.എസ് നടപടി.

യുറോപ്യന്‍ യുണിയന്‍ നമ്മുടെ വ്യാപാര കരാര്‍ അംഗീകരിക്കുന്നില്ല. അതിനാല്‍ അടുത്തയാഴ്ച മുതല്‍ അവിടെ നിന്നും അമേരിക്കയിലേക്ക് വരുന്ന ട്രക്കുകള്‍ക്കും കാറുകള്‍ക്കും 25 ശതമാനം തീരുവ ചുമത്തുകയാണെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. ട്രക്കുകളും കാറുകളും യുഎസിലെ പ്ലാന്റുകളില്‍ നിര്‍മിക്കണമെന്ന വ്യവസ്ഥപാലിച്ചില്ലെന്നും അദേഹം വ്യക്തമാക്കി.

യുഎസില്‍ അവര്‍ ട്രക്കുകകളും കാറും നിര്‍മിക്കുകയാണെങ്കില്‍ താരിഫ് ഉണ്ടാവില്ല. പലരും അത്തരത്തില്‍ ട്രക്ക് നിര്‍മാണ പ്ലാന്റുകള്‍ യു.എസില്‍ ആരംഭിക്കുന്നുണ്ട്. അവര്‍ക്ക് പൂജ്യം തീരുവയാണ് നിലവിലുള്ളതെന്നും ട്രംപ് അവകാശപ്പെട്ടു. പല കമ്പനികളും 100 ബില്യണ്‍ ഡോളര്‍ വരെ യു.എസില്‍ ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

2025 ജൂലൈയില്‍ ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും ഒരു പുതിയ വ്യാപാര കരാറില്‍ ഒപ്പുവെച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. കരാര്‍ പ്രകാരം ഓട്ടോമൊബൈലുകളും ഓട്ടോ പാര്‍ട്‌സും ഉള്‍പ്പെടെ മിക്ക സാധനങ്ങള്‍ക്കും 15 ശതമാനം താരിഫാണ് ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം ട്രംപിന്റെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് ട്രേഡ് കമ്മിറ്റി വ്യക്തമാക്കി. അമേരിക്ക കരാര്‍ ലംഘിക്കുകയാണെന്നും ഇതിന് തിരിച്ചടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. ഇത് ആഗോള സാമ്പത്തിക രംഗത്ത്, പ്രത്യേകിച്ച് വാഹന വിപണിയില്‍ വലിയ അനിശ്ചിതത്വത്തിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.