"നടപടികള്‍ക്ക് കോണ്‍ഗ്രസ് അനുമതി ആവശ്യമില്ല'; ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്


വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനിക നടപടികള്‍ അവസാനിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ഫെബ്രുവരി 28 ന് ആരംഭിച്ച സംഘര്‍ഷങ്ങള്‍ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം ഇറാനുമായി വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.

യുദ്ധം തുടരാന്‍ കോണ്‍ഗ്രസ് അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് ഈ നീക്കത്തിലൂടെ ട്രംപ് ശ്രമിക്കുന്നത്. സംഘര്‍ഷം അവസാനിപ്പിച്ചുവെന്ന് സ്വയം പ്രഖ്യാപിക്കുന്നതിലൂടെ, ഇതിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകളോ വോട്ടെടുപ്പോ നടക്കുന്നത് ഒഴിവാക്കാന്‍ അദേഹത്തിന് സാധിക്കും. സൈനിക തീരുമാനങ്ങള്‍ എടുക്കാന്‍ പ്രസിഡന്റിന് സ്വതന്ത്ര അധികാരമുണ്ടെന്ന് സ്ഥാപിക്കാനുള്ള നീക്കമായാണ് നടപടിയെ വിലയിരുത്തുന്നത്.

1973 ലെ 'വാര്‍ പവേഴ്സ് റെസല്യൂഷന്‍' ആക്ട് പ്രകാരം കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഒരു പ്രസിഡന്റിന് 60 ദിവസം മാത്രമേ സൈനിക നടപടി തുടരാനാകൂ. ഈ കാലാവധി അവസാനിക്കവെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. കോണ്‍ഗ്രസിനെ അവഗണിച്ച് യുദ്ധം തുടരാനുള്ള നിയമപരമായ സമയപരിധി അവസാനിച്ചെങ്കിലും നിലവില്‍ വെടിനിര്‍ത്തല്‍ ഉള്ളതിനാല്‍ തനിക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍ നിയമത്തില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും ട്രംപിന്റെ വാദം തെറ്റാണെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

അതേസമയം ഇറാന്‍ എണ്ണക്കപ്പലുകള്‍ അമേരിക്കന്‍ കപ്പലുകളെ തടയുന്നത് ഇപ്പോഴും തുടരുന്നതിനാല്‍ ശത്രുത അവസാനിച്ചെന്ന് പറയാനാകില്ലെന്ന് സെനറ്റര്‍ ജീന്‍ ഷഹീന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ മധ്യസ്ഥര്‍ വഴി ഇറാന്‍ സമര്‍പ്പിച്ച പുതിയ ചര്‍ച്ചാ നിര്‍ദേശങ്ങളും ട്രംപ് തള്ളിയിരുന്നു. ഇറാന്‍ ഇപ്പോഴും അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്ന് കത്തില്‍ ട്രംപ് ആവര്‍ത്തിച്ചു.

ഭാവിയില്‍ വീണ്ടും ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പ് നല്‍കണമെന്നും ഉപരോധം എന്ന തടസം നീങ്ങിയാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.