നിർമ്മിത ബുദ്ധിയിൽ ആണവായുധങ്ങൾ; ലോകം വലിയ അപകടത്തിലേക്ക്; ഐക്യരാഷ്ട്ര സഭയിൽ മുന്നറിയിപ്പുമായി വത്തിക്കാൻ

നിർമ്മിത ബുദ്ധിയിൽ ആണവായുധങ്ങൾ; ലോകം വലിയ അപകടത്തിലേക്ക്; ഐക്യരാഷ്ട്ര സഭയിൽ മുന്നറിയിപ്പുമായി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: യുദ്ധമുഖങ്ങളിൽ നിർമ്മിത ബുദ്ധി അനിയന്ത്രിതമായി ഉപയോഗിക്കുന്നത് ലോകത്തെ വിനാശകരമായ സാഹചര്യത്തിലേക്ക് തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭയിൽ വത്തിക്കാന്റെ മുന്നറിയിപ്പ്. ആണവായുധ വ്യാപനവും യുദ്ധതന്ത്രങ്ങളിലെ ആധുനികവത്കരണവും മാനവികതയ്ക്ക് വലിയ വെല്ലുവിളിയാണെന്നും വത്തിക്കാൻ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയിൽ ആണവായുധ വ്യാപന വിരുദ്ധ കരാറിന്റെ പുനരവലോകനവുമായി ബന്ധപ്പെട്ട് നടന്ന പൊതുചർച്ചയിലാണ് വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ മോൺ. റോബർട്ട് ഡി. മർഫി ഈ ആശങ്കകൾ പങ്കുവെച്ചത്. യുദ്ധരംഗത്തെ തീരുമാനങ്ങൾ യന്ത്രങ്ങളിൽ നിക്ഷിപ്തമാകുന്നത് മാനുഷികമായ വിവേചനബുദ്ധി ഇല്ലാതാക്കുമെന്നും ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും വത്തിക്കാൻ ചൂണ്ടിക്കാട്ടി.

ആണവായുധങ്ങളുടെ പരീക്ഷണങ്ങളും ആധുനികവത്കരണവും ആഗോള സുരക്ഷയെ തകിടം മറിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ആണവ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടക്കുന്നത് അംഗീകരിക്കാനാവില്ല. പ്രതിരോധ രംഗത്തായാലും ആക്രമണത്തിലായാലും നിർണ്ണായകമായ തീരുമാനങ്ങളിൽ മനുഷ്യന്റെ നേരിട്ടുള്ള ഇടപെടൽ ഉറപ്പാക്കണമെന്നും പരിശുദ്ധ സിംഹാസനം ആവശ്യപ്പെട്ടു.

യുദ്ധോപകരണങ്ങൾ പരിഷ്കരിക്കുന്നതിന് പകരം ആഗോള സമാധാനത്തിനായുള്ള ചർച്ചകൾക്കാണ് ലോകരാഷ്ട്രങ്ങൾ മുൻഗണന നൽകേണ്ടതെന്ന് വത്തിക്കാൻ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.