വത്തിക്കാൻ സിറ്റി: അമേരിക്കൻ സഭയിൽ വിപ്ലവകരമായ മാറ്റം കുറിച്ച് ലിയോ പതിനാലാമൻ മാർപാപ്പയുടെ പുതിയ പ്രഖ്യാപനം. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുകയും പിന്നീട് വൈദികനാവുകയും ചെയ്ത എൽ സാൽവദോർ സ്വദേശി എവേലിയോ മെൻജിവർ അയാലയെ വെസ്റ്റ് വെർജീനിയയിലെ വീലിംഗ്-ചാർലസ്റ്റൺ ബിഷപ്പായി നിയമിച്ചു. കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കർശന നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് വത്തിക്കാന്റെ ഈ സുപ്രധാന നീക്കം.
56 കാരനായ മെൻജിവർ അയാലയുടെ ജീവിതം വലിയ പോരാട്ടങ്ങളുടെ കഥയാണ്. എൽ സാൽവദോറിലെ ആഭ്യന്തരയുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് രക്ഷപ്പെടാൻ മൂന്ന് തവണ ശ്രമിച്ച ശേഷമാണ് 1990-ൽ അദേഹം അമേരിക്കയിലെത്തിയത്. തുടക്ക കാലത്ത് ഒരു സാധാരണ കുടിയേറ്റക്കാരനായി തൂപ്പുകാരനായും നിർമ്മാണ തൊഴിലാളിയായും ജോലി ചെയ്തിരുന്നു. 2023 ൽ അമേരിക്കയിലെ ആദ്യത്തെ സാൽവഡോറൻ ബിഷപ്പായി നിയമിതനായ അദേഹം വാഷിങ്ടൺ അതിരൂപതയിൽ സഹായ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
പുതിയ ദൗത്യം വലിയ സന്തോഷത്തോടും വിനയത്തോടും കൂടി സ്വീകരിക്കുന്നുവെന്ന് ബിഷപ്പ് മെൻജിവർ-അയാല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദരിദ്രരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ശബ്ദം കേൾക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും യുവാക്കളുടെ പുതിയ ആശയങ്ങൾക്ക് മുൻഗണന നൽകുമെന്നും മെൻജിവർ-അയാ വ്യക്തമാക്കി.
അമേരിക്കയിൽ കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്ന സാഹചര്യത്തിൽ അനധികൃതമായി എത്തിയ ഒരാളെ ബിഷപ്പായി നിയമിച്ചത് വത്തിക്കാന്റെ കൃത്യമായ രാഷ്ട്രീയ-ആത്മീയ സന്ദേശമായാണ് നിരീക്ഷകർ കാണുന്നത്. പൗരോഹിത്യത്തിലേക്കുള്ള യാത്രയിൽ സൈനികരുടെ വെടിയുണ്ടകളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ചരിത്രമുള്ള അയാല, വെസ്റ്റ് വെർജീനിയയിലെ വിശ്വാസി സമൂഹത്തിന് പുതിയൊരു പ്രതീക്ഷയാകുമെന്ന് കരുതപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.