സിഡ്‌നി തെരുവുകളിൽ വിശ്വാസപ്പടയോട്ടം; ആയിരങ്ങൾ അണിനിരക്കുന്ന 'കാമിനോ ഓഫ് സെന്റ് ജോസഫ്' ഓഗസ്റ്റിൽ

സിഡ്‌നി തെരുവുകളിൽ വിശ്വാസപ്പടയോട്ടം; ആയിരങ്ങൾ അണിനിരക്കുന്ന 'കാമിനോ ഓഫ് സെന്റ് ജോസഫ്' ഓഗസ്റ്റിൽ

സിഡ്‌നി: ആത്മീയതയുടെയും സാഹോദര്യത്തിന്റെയും കരുത്തുറ്റ സാക്ഷ്യവുമായി സിഡ്‌നി നഗരം വീണ്ടും ഒരു മഹാസംഗമത്തിന് ഒരുങ്ങുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിൽ പുരുഷന്മാർക്കായി സംഘടിപ്പിക്കുന്ന 'കാമിനോ ഓഫ് സെന്റ് ജോസഫ്' രാത്രികാല പദയാത്ര ഓഗസ്റ്റ് 21, 22 തീയതികളിൽ നടക്കും. കഴിഞ്ഞ വർഷം 1,200 ലധികം പുരുഷന്മാർ പങ്കെടുത്ത ഈ തീർത്ഥാടനം ഇത്തവണ അതിലും വലിയ പങ്കാളിത്തത്തോടെയാണ് തിരിച്ചെത്തുന്നത്.

സിഡ്‌നിയിലെ ചരിത്രപ്രസിദ്ധമായ കത്തോലിക്കാ കേന്ദ്രങ്ങളിലൂടെ 20 കിലോമീറ്ററോളം ദൂരമാണ് തീർത്ഥാടകർ സഞ്ചരിക്കുന്നത്. ഓസ്‌ട്രേലിയൻ മണ്ണിൽ ആദ്യമായി ദിവ്യകാരുണ്യം സൂക്ഷിക്കപ്പെട്ട ദ റോക്സിലെ സെന്റ് പാട്രിക് പള്ളിയിൽ നിന്ന് ആരംഭിച്ച് സെന്റ് ബ്രണ്ടൻസ്, സെന്റ് ജോസഫ്സ് തുടങ്ങിയ പ്രമുഖ ദേവാലയങ്ങൾ പിന്നിട്ട് പുലർച്ചെ സിഡ്‌നി സെന്റ് മേരീസ് കത്തീഡ്രലിൽ പദയാത്ര സമാപിക്കും.

2024 ൽ 750 പേർ പങ്കെടുത്ത യാത്രയിൽ 2025 ൽ 60 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഷാലോം വേൾഡ് ഉൾപ്പെടെയുള്ള ആഗോള മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തതോടെ സ്പെയിൻ, അർജന്റീന, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഭാ നേതൃത്വങ്ങൾ ഈ മാതൃക പിന്തുടരാൻ സിഡ്‌നിയെ സമീപിക്കുകയാണ്. ഇത്തവണ ആദ്യമായി ബിഷപ്പ് റിച്ചാർഡ് അംബേഴ്സ് പദയാത്രയിലുടനീളം പുരുഷന്മാർക്കൊപ്പം നടക്കും എന്ന പ്രത്യേകതയുമുണ്ട്.

ആധുനിക കാലത്ത് പുരുഷന്മാർ പലപ്പോഴും വിശ്വാസത്തിൽ നിന്നും പരസ്പര സൗഹൃദങ്ങളിൽ നിന്നും ഒറ്റപ്പെട്ടുപോകുന്നു എന്ന തിരിച്ചറിവാണ് ഇത്തരമൊരു സംഗമത്തിന് പിന്നിലെന്ന് കോർഡിനേറ്റർ മൈക്കൽ ജാക്സിക് പറയുന്നു. മണിക്കൂറുകൾ നീളുന്ന നടത്തം, ദിവ്യകാരുണ്യ ആരാധന, പരസ്പര സംഭാഷണങ്ങൾ എന്നിവയിലൂടെ തങ്ങളുടെ പുരുഷത്വത്തെയും വിശ്വാസത്തെയും പുനർനിർവചിക്കാനാണ് ഇവർ ശ്രമിക്കുന്നത്. "ഇരുമ്പ് ഇരുമ്പിനെ മൂർച്ചകൂട്ടുന്നത് പോലെ, ഒരു പുരുഷൻ മറ്റൊരു പുരുഷനെ പ്രചോദിപ്പിക്കുന്നു" എന്ന വചനമാണ് ഈ യാത്രയുടെ ആപ്തവാക്യം.

"വിശ്വാസത്തിന്റെ വെളിച്ചം സിഡ്‌നി നഗരത്തിന്റെ തെരുവുകളിൽ തെളിയേണ്ടതുണ്ട്. ഈ യാത്ര നമ്മുടെ നഗരത്തിന് വലിയ അനുഗ്രഹമായി മാറും," ജാക്സിക് പറഞ്ഞു. ഓഗസ്റ്റ് 21ന് സിഡ്‌നിയിലെ തെരുവുകളെ പ്രാർത്ഥനാനിർഭരമാക്കാൻ മടിച്ച് നിൽക്കാതെ ഒരു സുഹൃത്തിനെയും കൂട്ടി കടന്നുവരാൻ സംഘാടകർ പുരുഷന്മാരോട് ആഹ്വാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: https://www.sydneycatholic.org/cas-event/camino2026/


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.