ന്യൂഡല്‍ഹി: ആഗോള ഐടി സേവന ദാതാക്കളായ കോഗ്‌നിസെന്റ് 15,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ ചെലവ് കുറയ്ക്കുന്നതിനായുള്ള പ്രൊജക്ട് ലീപ് പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇന്ത്യയില്‍ നിന്നുള്ള ജീവനക്കാരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക.
കഴിഞ്ഞ ഏപ്രില്‍ 29 നാണ് കമ്പനി തങ്ങളുടെ ലാഭവിഹിതം വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി പ്രൊജക്ട് ലീപ് പ്രഖ്യാപിച്ചത്. ഇതിലൂടെ 230 മില്യണ്‍ ഡോളര്‍ മുതല്‍ 320 മില്യണ്‍ ഡോളര്‍ വരെ ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് അന്ന് സൂചന നല്‍കിയിരുന്നെങ്കിലും എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നില്ല.
കോഗ്‌നിസെന്റിന് നിലവില്‍ ആഗോളതലത്തില്‍ 3,57,000 ജീവനക്കാരാണുള്ളത്. ഇതില്‍ 2,50,000 പേരും ഇന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഇന്ത്യയില്‍ മാത്രം പതിനായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാം. ഇന്ത്യയിലെ ഒരു ജീവനക്കാരന്റെ ശരാശരി വാര്‍ഷിക ശമ്പളം 15 ലക്ഷം രൂപയായാണ് കണക്കാക്കുന്നത്. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് ആറ് മാസത്തെ ശമ്പളമായ ഏകദേശം 7.5 ലക്ഷം രൂപ വീതം നല്‍കാനാണ് കമ്പനിയുടെ തീരുമാനം.
അമേരിക്കയിലെ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇന്ത്യയെ അപേക്ഷിച്ച് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതുകൊണ്ടുതന്നെ അമേരിക്കയില്‍ പിരിച്ചുവിടല്‍ കുറവായിരിക്കാനാണ് സാധ്യത. ശമ്പളം പ്രാദേശിക നിയമങ്ങള്‍ എന്നിവ പരിഗണിച്ച് ഓരോ രാജ്യത്തെയും പിരിച്ചുവിടല്‍ തോത് സംബന്ധിച്ച് കമ്പനി അന്തിമ തീരുമാനമെടുക്കും.
പരമ്പരാഗതമായി കൂടുതല്‍ ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിന്നും ഐടി കമ്പനികള്‍ മാറി ചിന്തിക്കുന്നതിന്റെ ഭാഗം കൂടിയാണ് കോഗ്‌നിസെന്റിന്റെ ഈ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.