അരിസോണ: "ദൈവമേ, എന്തുകൊണ്ട് എന്റെ കുഞ്ഞിന് കൈകളില്ല?" - 1983-ൽ ജെസീക്ക ജനിച്ചപ്പോൾ വിതുമ്പിക്കൊണ്ട് അവളുടെ മാതാപിതാക്കൾ ചോദിച്ച ചോദ്യമായിരുന്നു ഇത്. സ്കാനിങിൽ പോലും തെളിയാതിരുന്ന ആ വൈകല്യം കണ്ട് ഒരു നിമിഷം ആ കുടുംബം തകർന്നുപോയി. എന്നാൽ നാല് പതിറ്റാണ്ടിപ്പുറം ലോകം ആ അമ്മയോട് പറയുന്നു. ദൈവം അവളിലൂടെ അത്ഭുതം പ്രവർത്തിക്കാനാണ് കൈകൾ നൽകാതിരുന്നത്!
രണ്ടു കൈകളുമില്ലാതെ ജനിച്ച് ഇന്ന് ലോകത്തിലെ ആദ്യത്തെ അംഗീകൃത 'ഫൂട്ട്-ഫ്ലൈയിങ്' പൈലറ്റായി ഗിന്നസ് റെക്കോർഡ് കുറിച്ച ജെസീക്ക കോക്‌സിന്റെ ജീവിതം വിശ്വാസത്തിന്റെ ആഴക്കടലാണ്. ജെസീക്കയുടെ ആത്മീയ കരുത്തിന്റെ രഹസ്യം അവളുടെ ബാല്യത്തിലാണ്.
ആറാം വയസിൽ അമ്മയോടൊപ്പം പ്രാർത്ഥനാ ഗ്രൂപ്പിൽ ചേർന്ന അവൾ തന്റെ കാൽവിരലുകൾക്കിടയിൽ ജപമാല മുത്തുകൾ മുറുകെപ്പിടിച്ചാണ് പ്രാർത്ഥിച്ചു തുടങ്ങിയത്. അസാധ്യമായതിനെ സാധ്യമാക്കാൻ ദൈവം കൂടെയുണ്ടെന്ന ബോധ്യം ആ കൊച്ചുനാളിൽ അവളിൽ വേരുറച്ചു.
തനിക്ക് കൈകൾ ലഭിക്കാനായി അഞ്ചാം വയസിൽ വികാരിയച്ചനോട് പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ട ജെസീക്ക പിന്നീട് തിരിച്ചറിഞ്ഞത് ദൈവം തനിക്ക് നൽകിയത് അതിലും വലിയ കരുത്താണെന്നാണ്. കൈകളില്ലാതെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടുന്ന ലോകത്തിലെ ആദ്യ വ്യക്തിയായി അവൾ മാറി.
വിമാനങ്ങളെ ഭയപ്പെട്ടിരുന്ന ജെസീക്ക ദൈവത്തിലുള്ള വിശ്വാസത്താൽ ആ പേടിയെ മറികടന്നു. 2008 ൽ പൈലറ്റ് ലൈസൻസ് നേടിയ അവൾ കാലുകൾ കൊണ്ട് വിമാനം പറത്തുന്ന ലോകത്തിലെ ആദ്യ പൈലറ്റായി ചരിത്രത്തിൽ ഇടംപിടിച്ചു.
"ആകാശത്തിന്റെ ഉയരങ്ങളിൽ വിമാനം നിയന്ത്രിക്കുമ്പോൾ ദൈവത്തോടുള്ള എന്റെ അടുപ്പം അതിതീവ്രമാണ്," ജെസീക്ക പറയുന്നു. ഓരോ തവണയും വിമാനം പറന്നുയരുമ്പോൾ താൻ ദൈവത്തിന്റെ കരങ്ങളിലാണെന്ന പൂർണമായ വിശ്വാസമാണ് അവളെ നയിക്കുന്നത്. 28 രാജ്യങ്ങൾ സന്ദർശിച്ച ജെസീക്ക ഇന്ന് ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാർക്കായി ദൈവസ്നേഹത്തിന്റെ അംബാസഡറായി പ്രവർത്തിക്കുന്നു.
"നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുക, വിശ്വാസം എല്ലാറ്റിനെയും ജയിക്കും." 'Disarm Your Limits' (നിങ്ങളുടെ പരിമിതികളെ നിരായുധീകരിക്കുക) എന്ന തന്റെ പുസ്തകത്തിലൂടെ ജെസീക്ക ലോകത്തോട് പറയുന്നത് ഇതാണ്.
നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളെയും വൈകല്യങ്ങളെയും ദൈവത്തിന്റെ വരദാനമായി കാണാൻ ജെസീക്കയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. കൈകളില്ലാത്തത് ഒരു കുറവല്ല മറിച്ച് ദൈവമഹത്വം വെളിപ്പെടുത്താനുള്ള മറ്റൊരു വഴിയാണെന്ന് ഈ പൈലറ്റ് തന്റെ ഓരോ പറക്കലിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.