സിഡ്‌നി അതിരൂപതയിൽ പുതിയ മാറ്റങ്ങൾ; ആരാധനക്രമവും സുവിശേഷ പ്രഘോഷണവും ശക്തിപ്പെടുത്താൻ സിനഡ് തീരുമാനം

സിഡ്‌നി അതിരൂപതയിൽ പുതിയ മാറ്റങ്ങൾ; ആരാധനക്രമവും സുവിശേഷ പ്രഘോഷണവും ശക്തിപ്പെടുത്താൻ സിനഡ് തീരുമാനം

സിഡ്‌നി: വിശ്വാസജീവിതം ശക്തിപ്പെടുത്തുന്നതിനും സുവിശേഷ പ്രഘോഷണം ഊർജിതമാക്കുന്നതിനുമായി സിഡ്‌നി അതിരൂപതാ സിനഡ് മുന്നോട്ടുവെച്ച നിർണായക നിർദേശങ്ങൾക്ക് ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ അംഗീകാരം നൽകി. നാല് ദിവസം നീണ്ടു നിന്ന സിനഡിന്റെ സമാപനത്തോടനുബന്ധിച്ചാണ് അതിരൂപതയുടെ പുതിയ അജപാലന മുൻഗണനകൾ പ്രഖ്യാപിച്ചത്.

കൂടുതൽ ഭക്തിനിർഭരമായ ആരാധനാക്രമങ്ങൾ, ക്രിസ്തു കേന്ദ്രീകൃതമായ സമൂഹങ്ങൾ, നവീകരിച്ച മിഷനറി പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് സിനഡ് ഊന്നൽ നൽകുന്നത്. പത്ത് വർഷത്തിലേറെ നീണ്ട ചർച്ചകൾക്കും പ്രാർത്ഥനാനിർഭരമായ വിചിന്തനങ്ങൾക്കും ശേഷമാണ് മെയ് മൂന്നിന് സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയോടെ സിനഡ് സമാപിച്ചത്.

ഓസ്‌ട്രേലിയയിലെ അഞ്ചാം പ്ലീനറി കൗൺസിലിന്റെയും ആഗോളതലത്തിൽ നടന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെയും പശ്ചാത്തലത്തിലാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. 2025 ൽ സിഡ്‌നിയിലെ വിവിധ മേഖലകളിൽ നടന്ന ചർച്ചകളിൽ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു.

സിഡ്‌നിയിലെ കത്തോലിക്ക വിശ്വാസികളിൽ നിന്ന് ലഭിച്ച അഞ്ഞൂറോളം നിർദേശങ്ങൾ വിശകലനം ചെയ്തപ്പോൾ മൂന്ന് പ്രധാന ആഗ്രഹങ്ങൾ സഭ മുന്നോട്ടുവച്ചു. ഭക്തിനിർഭരമായ ആരാധനക്രമങ്ങളിലൂടെ വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും കൂടുതൽ ആത്മീയാനുഭവമാക്കുക, ക്രിസ്തു കേന്ദ്രീകൃതമായ ഇടവക-സഭാ കൂട്ടായ്മകൾ രൂപപ്പെടുത്തുക, കൂടാതെ കൂടുതൽ ഉത്സാഹത്തോടെ സുവിശേഷ പ്രഘോഷണ ദൗത്യത്തിലേക്ക് വിശ്വാസികളെ നയിക്കുക.

"ആദ്യകാല സഭയിലെ ശിഷ്യന്മാർ ജറുസലേമിൽ ചെയ്തതുപോലെ ഒത്തുകൂടാനും പ്രാർത്ഥിക്കാനും പരസ്പരം ശ്രവിക്കാനും ഈ കാലഘട്ടത്തിൽ സുവിശേഷത്തോട് വിശ്വസ്തത പുലർത്താൻ സഭ എന്താണ് ചെയ്യേണ്ടതെന്ന് തിരിച്ചറിയാനുമാണ് ഈ നാല് ദിവസങ്ങളിൽ സിഡ്‌നി സിനഡ് ശ്രമിച്ചത്," ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ സമാപന പ്രസംഗത്തിൽ പറഞ്ഞു. സ്വന്തം താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിന് പകരം സത്യവും ജീവനുമായ ക്രിസ്തുവിനെ ശ്രവിക്കാനാണ് സിനഡ് അംഗങ്ങൾ ശ്രമിച്ചതെന്നും അദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 30 ന് ആരംഭിച്ച സിനഡിൽ 170 അംഗങ്ങളും നിരീക്ഷകരും പങ്കെടുത്തു. ചർച്ചകൾക്കും വോട്ടിംഗിനുമായി സെന്റ് മേരീസ് കത്തീഡ്രൽ കോളേജ് ഹാൾ പ്രത്യേകം സജ്ജീകരിച്ചിരുന്നു. ഇത് തികച്ചും താഴെത്തട്ടിൽ നിന്നുള്ള വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പാക്കിയ സിനഡാണെന്ന് സംഘാടക സമിതി വൈസ് ചെയർമാൻ ബിഷപ്പ് ഡാനിയൽ മേഗർ പറഞ്ഞു. എല്ലാ മനുഷ്യരെയും ക്രിസ്തുവിലേക്ക് നയിക്കുന്ന പൂർണ്ണമായ കത്തോലിക്കാ മിഷനാണ് ഇതിന്റെ ലക്ഷ്യമെന്നും അദേഹം വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.