സിഎന്‍എന്‍ സ്ഥാപകന്‍ ടെഡ് ടെര്‍ണര്‍ വിടവാങ്ങി; നഷ്ടമായത് മാധ്യമ ലോകത്തെ വിപ്ലവകാരിയെ

സിഎന്‍എന്‍ സ്ഥാപകന്‍ ടെഡ് ടെര്‍ണര്‍ വിടവാങ്ങി; നഷ്ടമായത് മാധ്യമ ലോകത്തെ വിപ്ലവകാരിയെ

ന്യൂയോര്‍ക്ക്: സിഎന്‍എന്‍ സ്ഥാപകനും മാധ്യമ ലോകത്തെ വിപ്ലവകാരിയുമായ ടെഡ് ടെര്‍ണര്‍ അന്തരിച്ചു. 87 വയസായിരുന്നു. ലോകത്ത് ആദ്യമായി 24 മണിക്കൂര്‍ വാര്‍ത്താ സംപ്രേഷണം എന്ന ആശയം നടപ്പിലാക്കി ടെലിവിഷന്‍ മാധ്യമ രംഗത്തെ പൂര്‍ണമായി മാറ്റിമറിച്ച വ്യക്തിയായിരുന്നു ടെര്‍ണര്‍.

കേബിള്‍ ന്യൂസ് നെറ്റ്വര്‍ക്ക് (സിഎന്‍എന്‍) എന്ന സ്ഥാപനത്തിലൂടെ വാര്‍ത്താ വിതരണത്തിന്റെ ഗതി തന്നെ അദേഹം മാറ്റി കുറിച്ചു. വാര്‍ത്തകള്‍ക്ക് പുറമെ കായികം, വിനോദം എന്നി മേഖലകളിലും വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അദേഹത്തിന് സാധിച്ചു. 1985 ല്‍ എംജിഎം സ്റ്റുഡിയോയുടെ സിനിമാ ലൈബ്രറി സ്വന്തമാക്കിയ അദേഹം, 1992 ലാണ് പ്രശസ്തമായ കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കിന് രൂപം നല്‍കിയത്.


1996 ല്‍ ടെര്‍ണര്‍ ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തെ ടൈം വാര്‍ണറുമായി ലയിപ്പിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നിന്റെ അമരക്കാരനായി അദേഹം മാറി.

ഒരു ശതകോടീശ്വരന്‍ എന്നതിലുപരി മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനായും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു അദേഹം. ഐക്യരാഷ്ട്ര സഭയ്ക്ക് ഒരു ബില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കിക്കൊണ്ട് അദേഹം ലോകത്തെ വിസ്മയിപ്പിച്ചു. മാധ്യമ ചരിത്രത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള വ്യക്തികളില്‍ ഒരാളായി അറിയപ്പെടുന്ന ടെഡ് ടെര്‍ണറുടെ വിയോഗം ആഗോള മാധ്യമ മേഖലയ്ക്ക് തീരാനഷ്ടമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.