ലിയോ പാപ്പ ജൂണിൽ സ്പെയിനിലേക്ക്; ഔദ്യോഗിക സന്ദർശന വിവരങ്ങൾ പുറത്തുവിട്ടു; കുടിയേറ്റക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻഗണന

ലിയോ പാപ്പ ജൂണിൽ സ്പെയിനിലേക്ക്; ഔദ്യോഗിക സന്ദർശന വിവരങ്ങൾ പുറത്തുവിട്ടു; കുടിയേറ്റക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും മുൻഗണന

വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ ജൂൺ ആറ് മുതൽ 12 വരെ സ്പെയിനിൽ അപ്പസ്തോലിക സന്ദർശനം നടത്തും. വത്തിക്കാൻ പുറത്തുവിട്ട ഔദ്യോഗിക സമയക്രമം അനുസരിച്ച് മാഡ്രിഡ്, ബാഴ്‌സലോണ, കാനറി ദ്വീപുകൾ എന്നിവിടങ്ങളിലാണ് പാപ്പ പ്രധാനമായും സന്ദർശനം നടത്തുന്നത്.

ഏഴ് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ 12 പ്രസംഗങ്ങൾ, നാല് പൊതുദിവ്യബലികൾ എന്നിവയുണ്ടാകും. കൂടാതെ ഫിലിപ്പ് രാജാവും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ഉൾപ്പെടെയുള്ള രാഷ്ട്രീയ-സഭാ നേതാക്കളുമായി പത്തോളം കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്.

ജൂൺ ആറിന് മാഡ്രിഡിലെത്തുന്ന മാർപാപ്പയ്ക്ക് വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം നൽകും. ഫിലിപ്പ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്ലാസ ഡി ലിമയിൽ യുവജനങ്ങൾക്കൊപ്പം അദേഹം ജാഗരണ പ്രാർഥനയിൽ പങ്കെടുക്കും. അടുത്ത ദിവസം കോർപ്പസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ പ്ലാസ ഡി സിബെൽസിൽ നടക്കുന്ന ദിവ്യബലിക്ക് പാപ്പ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് സംസ്കാരം, കല, കായികം തുടങ്ങിയ മേഖലകളിലെ പ്രമുഖരുമായി സംവദിക്കും.

ജൂൺ എട്ടിന് സ്പാനിഷ് പാർലമെന്റിൽ (കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസ്) അംഗങ്ങളെ അഭിസംബോധന ചെയ്യുന്ന മാർപാപ്പ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. സ്പാനിഷ് ബിഷപ്പ് കോൺഫറൻസിലെ ബിഷപ്പുമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബെർണബ്യൂ സ്റ്റേഡിയത്തിൽ പ്രാദേശിക രൂപതാസമൂഹത്തോടൊപ്പം പാപ്പ സമയം ചിലവഴിക്കും.

ജൂൺ ഒൻപതിന് ബാഴ്‌സലോണയിലെത്തുന്ന പാപ്പ വിശ്വപ്രസിദ്ധമായ സാഗ്രഡ ഫാമിലിയ ബസിലിക്കയിലെ ഗോപുരത്തിന്റെ ആശീർവാദ കർമ്മം നിർവ്വഹിക്കും. നഗരത്തിലെ ഒരു ജയിലും ഭവനരഹിതരുടെ അഭയകേന്ദ്രവും മാർപാപ്പ സന്ദർശിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ജൂൺ 11 ന് കാനറി ദ്വീപുകളിലെത്തുന്ന മാർപാപ്പ, യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കും. ലാസ് പാൽമാസ് ഡി ഗ്രാൻ കാനറിയയിലും സാന്താക്രൂസ് ഡി ടെനറൈഫിലും നടക്കുന്ന ദിവ്യബലികളോടെ സന്ദർശനം സമാപിക്കും. കുടിയേറ്റക്കാർക്കും അശരണർക്കും വലിയ പ്രാധാന്യം നൽകുന്നതാണ് ലിയോ പതിനാലാമൻ മാർപാപ്പയുടെ ഈ സ്പാനിഷ് പര്യടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.