വിലങ്ങാടിന് കൈത്താങ്ങായി കത്തോലിക്കാ സഭ: സ്‌നേഹ ഭവനങ്ങളുടെ താക്കോലുകള്‍ ഇന്ന് കൈമാറും; പൂര്‍ത്തിയായത് 70 വീടുകള്‍

വിലങ്ങാടിന് കൈത്താങ്ങായി കത്തോലിക്കാ സഭ: സ്‌നേഹ ഭവനങ്ങളുടെ താക്കോലുകള്‍ ഇന്ന് കൈമാറും; പൂര്‍ത്തിയായത് 70 വീടുകള്‍

കോഴിക്കോട്: കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ വിലങ്ങാടിന് കൈത്താങ്ങായി കത്തോലിക്കാ സഭ. ദുരന്തബാധിതര്‍ക്കായി കെ.സി.ബി.സി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികളുടെ സുപ്രധാന ഘട്ടത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കെസിബിസി ആരംഭിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ സമാപനവും കൂടുതല്‍ വിപുലമായ രണ്ടാം ഘട്ടത്തിന്റെ ഉല്‍ഘാടനവും ഇന്ന് വൈകുന്നേരം നാലിന് മഞ്ഞക്കുന്ന് സെന്റ് അല്‍ഫോണ്‍സ ദേവാലയ അങ്കണത്തില്‍ നടക്കും.

കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖ പ്രഭാഷണവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കേത്തെച്ചേരില്‍ അനുഗ്രഹ പ്രഭാഷണവും നടത്തും.

വടകര എം.പി ഷാഫി പറമ്പില്‍, നാദാപുരം എംഎല്‍എ കെ.എം അഭിജിത് എന്നിവര്‍ താക്കോല്‍ കൈമാറും. സിഒഡി പ്രസിഡന്റ് മോണ്‍. ജോയ്‌സ് വയലില്‍, മേപ്പയൂര്‍ സലാഫിയ കോളജ് അസോ സിയേഷന്‍ പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ദുരന്തനിവാരണ സമിതി പ്രസിഡന്റ് ഫാ. മൈക്കിള്‍ വെട്ടിക്കാട്, ദേവഗിരി സെന്റ് ജോസഫ്‌സ് കോളജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന്‍ സിഎംഐ, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റര്‍, കെസിബിസി-കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റര്‍ ആര്‍ദ്ര എസ്ഐസി, അപ്പസ്‌തോലിക് കാര്‍മ്മല്‍ സിസ്റ്റേഴ്‌സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജസീന എ.സി, വിലങ്ങാട് ഫൊറാന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ജീസസ് യൂത്ത് ആനിമേറ്റര്‍ റെജി കരോട്ട് എന്നിവര്‍ പ്രസംഗിക്കും.

 70 വീടുകള്‍ ദുരിത ബാധിതരായ സഹോദരങ്ങള്‍ക്ക് കൈമാറുമെന്നാണ് സംഘടന അറിയിച്ചിരുന്നത്. മൂന്ന് വീടുകളുടെ താക്കോല്‍ദാനമാണ് ഇന്ന് നടക്കുക. 67 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോലുകള്‍ കൈമാറിയിരുന്നു. 

ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. വീടുകളുടെ നിര്‍മാണം, ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയവയാകും രണ്ടാം ഘട്ടത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തുക.

ആദ്യഘട്ടത്തില്‍ 41 വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും, നിലവില്‍ 70 കുടുംബങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെസിബിസി നിര്‍ദേശ പ്രകാരം കേരള സോഷ്യല്‍ സര്‍വീസ് ഫോറം ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സി.ഒ.ഡിയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വിവിധ രൂപതകള്‍, സന്യാസ സഭകള്‍, സാമൂഹിക സംഘടനകള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പുനരധിവാസത്തിന്റെ രണ്ടാം ഘട്ടത്തില്‍ എട്ട് വീടുകളുടെ അധിക നിര്‍മാണം നടത്തും. കൂടാതെ തകര്‍ന്ന കുടുംബങ്ങളുടെ വരുമാന മാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സഹായവും നല്‍കും. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനടി ഇടപെടാന്‍ പ്രാപ്തിയുള്ള ഒരു സന്നദ്ധ സേനയുടെ രൂപീകരണം, ഒപ്പം ദുരന്തം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മുക്തരാക്കാന്‍ കൗണ്‍സിലര്‍മാരുടെ സേവനവും ലഭ്യമാക്കും.

ദുരിതബാധിതരെ ചേര്‍ത്തുപിടിക്കുകയും അവര്‍ക്ക് സുരക്ഷിതമായ ഒരു ഭാവി ഒരുക്കുകയും ചെയ്യുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് സഭയുടെ ഈ പ്രവര്‍ത്തനം വിരല്‍ ചൂണ്ടുന്നത്. 2024 ജൂലൈ 30 ന് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തങ്ങള്‍ക്കൊപ്പം തന്നെ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശമാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട്. മനുഷ്യ ജീവനും സ്വപ്നങ്ങളും മണ്ണെടുത്ത ആ രാത്രിക്ക് ശേഷം, തകര്‍ന്നടിഞ്ഞ ജീവിതങ്ങളെ വീണ്ടെടുക്കാന്‍ സഭയുടെയും പൊതുസമൂഹത്തിന്റെയും ഇടപെടല്‍ വലിയ ആശ്വാസമാണ് പകരുന്നത്.

മണ്ണിനെയല്ലാതെ മനുഷ്യത്വത്തെ ചവിട്ടിയരയ്ക്കാനാകില്ലെന്ന് കേരളം ഒരിക്കല്‍ക്കൂടി തെളിയിച്ച നിമിഷങ്ങള്‍. മനുഷ്യത്വം കൈവിടാത്ത ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ദുരന്തബാധിതര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. വിലങ്ങാടിന്റെ പുനര്‍ നിര്‍മാണത്തില്‍ ഈ രണ്ടാംഘട്ട പദ്ധതി വലിയൊരു നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.